കോട്ടയം ജില്ലയില്‍ അതിശ്കതമായ മഴയില്‍ വ്യാപക നാശനഷ്ടം. പൂഞ്ഞാര്‍ പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടുമരണം. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ജോണിയുടെ ഭാര്യ റെജീനയും മരിച്ചു. അപകടത്തില്‍ അപകടത്തിൽ കാലിനു പരുക്കേറ്റ് വീട്ടിൽ കഴിയുന്നതിനിടെയാണ് ജോസഫിന്‍ ഉരുൾപൊട്ടലിൽപ്പെട്ടത്. ജോണി അടുത്ത വീട്ടിലായതിനാൽ രക്ഷപ്പെടുകയായിരുന്നു. മക്കളായ ജോമിറ്റും സോമിറ്റും ദുരന്തം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നില്ല.
രാത്രി രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലയൊന്നാകെ ഒഴുകിയെത്തുകയായിരുന്നു മണപ്പാട്ട് വീട്ടിലേക്ക്. വലിയ ശബ്ദത്തോടെ ആഞ്ഞു പതിച്ച പാറക്കൂട്ടങ്ങൾ നാടിനെ ഒന്നാകെ നിശബ്ദമാക്കി. ഇരുട്ട് വീണ് മണ്ണിലൂടെ ആളുകൾ മണപ്പാട് വീട് കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. പ്രതീക്ഷകളെ ഇല്ലാതാക്കി രാവിലെ ഏഴിന് ജോസഫിൻ ജോണിയുടെ മൃതദേഹം കിട്ടി. അപകടത്തിൽ പരുക്കേറ്റ കാലിന് പ്ലാസ്റ്റർ ഇട്ടിരുന്ന അതേ അവസ്ഥയിൽ മകന്‍റെ മൃതദേഹം. മണിക്കൂറുകൾക്കുശേഷം അമ്മ റജീനയുടെ മൃതദേഹവും നിറകണ്ണുകളോടെ നാട് കണ്ടു.
ജോണി തൊട്ടടുത്ത് ബന്ധുവിന്റെ വീട്ടിൽ രാത്രി ഉറങ്ങാൻ പോയതിനാൽ രക്ഷപ്പെട്ടു. ഇവരുടെ രണ്ടു പെൺമക്കളും കൊച്ചിയിലായിരുന്നു. ഒപ്പം രണ്ടുവർഷം മുമ്പ് പണികഴിപ്പിച്ച സ്വപ്ന വീടാണ് തുടച്ചുനീക്കപ്പെട്ടത്. വീട്ടുമുറ്റത്ത് കിടന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും ഒഴുകിപ്പോയി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പതിനാറാം വാർഡിലുള്ള പയ്യാനിതോട്ടത്ത് ഇതാദ്യമായാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്തെ നിരവധി കർഷക കുടുംബങ്ങള്‍ ആശങ്കയോടെയാണ് കഴിയുന്നത്. ALSO READ: ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; മലയോര മേഖലയില്‍ കനത്തമഴ ...
പൂഞ്ഞാർ പെരിങ്ങുളത്ത് ഉരുൾപൊട്ടലിൽ പെരിങ്ങുളത്ത് പഞ്ചായത്ത് മെമ്പർ ബിൻസി മാർട്ടിന്‍റെ വീടിന് സമീപം മലവെള്ള പാച്ചിൽ ഉണ്ടായി. മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് മണ്ണും ചെളിയും കടന്ന് എത്താൻ പറ്റിയത്. കാലിന് പരുക്കേറ്റ മാർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ഞാര്‍ പെരിങ്ങുളം, തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി ചട്ടമ്പി, അടിവാരം കുടമുരട്ടി എന്നിവിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ALSO READ: മഴ ശക്തം, എട്ട് ജില്ലകളില്‍ അവധി; പലയിടത്തും അവധി പ്രഖ്യാപിച്ചത് പുലര്‍ച്ചയോടെ ...
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി ചട്ടമ്പിയിൽ ഉരുൾപൊട്ടലിന് സമാനമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. റോഡിലാകെ ചെളിയും പാറക്കല്ലുകളും നിറഞ്ഞ നിലയിലാണ്. അടിവാരം കുടമുരുട്ടിയിലും വെള്ളപ്പാച്ചിൽ ഉണ്ടായി. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടലുണ്ടായി. വ്യാപക നാശനഷ്ടം. തീക്കോയി പഞ്ചായത്തിലെ 30 ഏക്കറില്‍ ഉരുള്‍പൊട്ടലില്‍ നാലുവീടുകള്‍ തകര്‍ന്നു. മീനച്ചിലാര്‍ കരകവിഞ്ഞ് പാലാ ടൗണില്‍ വെള്ളം കയറി. എരുമേലി കൊരട്ടിയില്‍ ഒറ്റപ്പെട്ട കുടുംബത്തെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ALSO READ: 'കലക്ടറേ, നിങ്ങള്‍ ഉറങ്ങിക്കോ'! അവധി പ്രഖ്യാപിക്കാന്‍ 'വൈകി';ഫെയ്സ്ബുക്ക് പേജുകളില്‍ വ്യാപക രോഷം ...
അതേസമയം, സംസ്ഥാനത്ത് കനത്തമഴയിലും ഉരുള്‍പൊട്ടലിലും വെള്ളക്കെട്ടിലുമായി അഞ്ചുപേര്‍ മരിച്ചു. മധ്യകേരളത്തില്‍ ഈരാറ്റുപേട്ട, പാലാ, റാന്നി ടൗണുകളും വടക്കന്‍ കേരളത്തില്‍ കൊമ്മേരി, ഈങ്ങാപ്പുഴ പ്രദേശങ്ങളും അടക്കം വിവിധയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മധ്യകേരളത്തിലെ മലയോര മേഖലയിലും മലപ്പുറത്തും ആണ് ആളപായമുണ്ടായത്. ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മഷിക്കല്ലേല്‍ സുമതി മരിച്ചു. വീട് പൂര്‍ണമായും മണ്ണിനടിയിലായി. വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസുകാരന് ദാരുണന്ത്യം. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത്.
അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.