അമിട്ട് പൊട്ടുന്ന ശബ്ദമുണ്ടാക്കി ബുള്ളറ്റ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി എറണാകുളം മോട്ടോർ വാഹന വകുപ്പ്. കാക്കനാട് ഇൻഫോപാർക്ക് മേഖലയിലെ താമസക്കാരുടെ പരാതിയെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. രാത്രി 10 മുതൽ പുലർച്ചെ 4 വരെ കാതടപ്പിക്കുന്ന ശബ്ദത്തോടെ ബുള്ളറ്റുകളിൽ റേസിങ് നടത്തുന്ന സംഘങ്ങൾ കാരണം ഉറക്കം നഷ്ടപ്പെടുന്നതായാണ് നാട്ടുകാർ പരാതിപ്പെട്ടത്. ഇതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും യുവാക്കൾ ആദ്യം രക്ഷപ്പെട്ടു. തുടർന്ന് ഇവർ താമസിച്ചിരുന്ന വില്ല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. ഒരേ ബുള്ളറ്റ് നിരവധി പേർ മാറിമാറി ഉപയോഗിച്ചാണ് രാത്രികാലങ്ങളിൽ റേസിങ് നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ മുഹമ്മദ് നിയാസും വി. കശ്യപും ചേർന്നാണ് യുവാക്കളെ തന്ത്രപരമായി പിടികൂടിയത്.
അനധികൃതമായി സൈലൻസർ മാറ്റി അമിതശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരായ പരിശോധന വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് എംവിഡി അറിയിച്ചു.