TAGS

ദേശീയ പാത 66ലെ ടോള്‍ പ്ലാസകളില്‍ കരാറുകാരെ മാറ്റി ദേശീയ പാത അതോറിറ്റി. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ്(ഒളവണ്ണ), മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ തുടങ്ങിയ മലബാറിലെ നിലവില്‍ പ്രവര്‍ത്തനം തുടങ്ങിയ ടോള്‍ പ്ലാസകളില്‍ പുതിയ കരാറുകാര്‍ ജോലി ഏറ്റെടുത്തു.

സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ട് എന്‍.എച്ച്.ഐ; നഷ്ടം യാത്രക്കാര്‍ക്കു മാത്രം

കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെയുള്ള 640 കിലോമീറ്റര്‍ ദേശീയപാതയാണ് നാലുവരിയായി വികസിപ്പിക്കുന്നത് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പണികള്‍ പൂര്‍ത്തിയായ കൊളശേരി(കണ്ണൂര്‍), തിരുവല്ലം(തിരുവനന്തപുരം), കുമ്പളം(എറണാകുളം), വെട്ടിച്ചിറ(മലപ്പുറം), ഒളമണ്ണ (പന്തീരങ്കാവ് –കോഴിക്കോട്), എന്നീ ടോള്‍ പ്ലാസകളാണു പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടങ്ങളിലെ കരാറുകാരെയാണ് ടെണ്ടര്‍ വിളിച്ചു ദേശീയ പാത അതോറിറ്റി മാറ്റിയത്. മൂന്നുമാസത്തേക്കാണു പുതിയ കരാറുകാര്‍ ടോള്‍ പിരിവ് ഏറ്റെടുത്തത്. പന്തീരങ്കാവ് ടോള്‍ പ്ലാസ ഹോലെ കണ്‍സ്ട്രക്ഷന്‍സ് എന്ന മഹാരാഷ്ട്ര കമ്പനിയാണ് ഇതുവരെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ടെണ്ടറില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത ഗുര്‍ഗാവ് കേന്ദ്രമാക്കിയിട്ടുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ ടോള്‍ കളക്ടിങ് കമ്പനികളില്‍ ഒന്നായ സ്കൈലാര്‍ക്ക്  ഇന്‍ഫ്ര എന്‍ജിനിയറിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണു കരാറെടുത്തിരിക്കുന്നത്.

ദിവസം 35 ലക്ഷം രൂപ ക്വാട്ട് ചെയ്താണു ഹരിയാന കമ്പനി പന്തീരങ്കാവ് ടോള്‍ പ്ലാസ പിടിച്ചെടുത്തത്. ബുധനാഴ്ച മുതല്‍ ഈ കമ്പനിയുടെ ജീവനക്കാര്‍ ടോള്‍ പ്ലാസയുടെ നിയന്ത്രണം ഏറ്റെടുത്തു. ലാഭമായാലും നഷ്ടമായാലും ദിവസവും 35ലക്ഷം രൂപ വീതം ദേശീയ പാത അതോറിറ്റിക്കു കമ്പനി നല്‍കണമെന്നാണു വ്യവസ്ഥ. മൂന്നുമാസത്തേക്കാണു കരാര്‍. മലയാളം അറിയുന്ന, സമീപ പ്രദേശത്തുകല്ലാത്ത ജീവനക്കാര്‍ ടോള്‍ പ്ലാസയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ പന്തീരങ്കാവില്‍ വന്‍കുരുക്കും തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതകുരുക്ക് നീണ്ടതോടെ പൊലീസ് ഇടപെട്ടു ടോള്‍ പ്ലാസ തുറന്നുനല്‍കി. ഏറ്റവും കൂടുതല്‍ വാഹനങ്ങളെത്തുന്ന വൈകുന്നേരങ്ങളിലാണ് ഗതാഗതകുരുക്കു രൂക്ഷം. വ്യാഴാഴ്ച പൊലീസ് ഇടപെട്ടതോടെ തിരക്ക് നിയന്ത്രിക്കാനായി വൈകീട്ടു നാലുമണി മുതല്‍ പലസമയങ്ങളിലായി ടോള്‍ പ്ലാസ തുറന്നിടേണ്ടിവരികയും ചെയ്തു. ദിവസം നാല്‍പതിനായിരം വാഹനങ്ങള്‍ കടന്നുപോകുന്ന പന്തീരങ്കാവ് ടോള്‍ പ്ലാസയാണ് നിലവില്‍ പ്രവര്‍ത്തനം തുടങ്ങിയതില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളത്.

വെട്ടിച്ചിറയില്‍ അടിയ്ക്കു ശമനം ഉണ്ടാകുമോ

നിരന്തരം പ്രശ്നങ്ങളെ തുടര്‍ന്നു മാധ്യമ ശ്രദ്ധനേടുന്ന ടോള്‍ പ്ലാസയാണു മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ. യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും കേസുകളിലാണ് അവസാനിക്കുന്നത്. പന്തീരങ്കാവില്‍ ടോള്‍ പിരിവ് ഏറ്റെടുത്തിരുന്ന ഹോലെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണു വെട്ടിച്ചിറ ടോള്‍ പ്ലാസയുടെ കരാര്‍ ലഭിച്ചത്. ഇവിടത്തെ അന്യനാട്ടുകാരായ ജീവനക്കാരെ തമിഴ്നാട്ടിലേക്കു മാറ്റിയ കമ്പനി  പന്തീരങ്കാവിലെ 60ല്‍പരം ജീവനക്കാരെ  മാറ്റി നിയമിക്കുകയും ചെയ്തു. ഇതില്‍ അന്‍പതിലേറെ പേര്‍ മലയാളികളാണ്. ഇതുവഴി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. പന്തീരങ്കാവ് ടോള്‍ പ്ലാസയില്‍ ദീര്‍ഘദൂര യാത്രക്കാരാണു നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും പരാതി പറയുന്നതും. എന്നാല്‍ വെട്ടിച്ചിറയില്‍ ടോള്‍ പ്ലാസയുടെ സമീപവാസികളാണു പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇതു ഏതു വിധേനെയും പരിഹരിച്ചു ടോള്‍ പ്ലാസയില്‍ സമാധാനം കൊണ്ടുവരാനാണു  കമ്പനിയുടെ ശ്രമം.

ENGLISH SUMMARY:

The National Highways Authority of India (NHAI) has awarded new three-month toll collection contracts for operational plazas along NH 66, including Pantheerankavu in Kozhikode and Vettichira in Malappuram. Skylark Infra Engineering, a Gurgaon-based firm, took over Pantheerankavu by bidding ₹35 lakh per day, but non-Malayali staff and operational hiccups immediately led to severe traffic congestion, forcing police intervention to periodically lift the barriers. Meanwhile, Hole Construction, which previously managed Pantheerankavu, has taken over Vettichira and relocated around 50 local Malayali staff there to ease frequent altercations with local commuters. The frequent contractor updates highlight NHAI's focus on maximizing daily revenues, often leaving commuters to deal with localized traffic jams and operational chaos.