കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ വ്യാജ പാസ് ഉപയോഗിച്ചും തട്ടിപ്പ്. ടോള്‍ പ്ലാസയുടെ സമീപവാസികള്‍ക്ക്  അനുവദിക്കുന്ന പ്രതിമാസ പാസുകള്‍ വന്‍തോതില്‍ വ്യാജമായി ഉണ്ടാക്കിയെന്ന് കണ്ടെത്തി. തിയതി മാറ്റിയും വാഹന നമ്പറുകള്‍ മാറ്റിയുമാണു തട്ടിപ്പ്.

 ദേശീയപാതയിലെ ടോള്‍ പ്ലാസകളുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് 350 രൂപ നല്‍കിയാല്‍ മാസാന്തപാസ് കിട്ടും. ഇതും ചിലര്‍ ദുരുപയോഗിക്കുന്നതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്.ഒരുതവണ പാസ് എടുത്തശേഷം അതില്‍ തിയ്യതിയും വാഹന നമ്പറും വ്യാപകമായി  മാറ്റിയാണ് തട്ടിപ്പ്. നാലുദിവസത്തിനുള്ളില്‍ 10 വാഹനങ്ങളാണ് ഇങ്ങനെ പിടികൂടിയത്. പ്രതിമാസ പാസ് ഉണ്ടെങ്കിലും ഫാസ്ടാഗില്‍ മിനിമം തുകയുണ്ടെങ്കിലേ  ടോള്‍ കടക്കാന്‍ കഴിയൂ. മിനിമം  തുകയില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ പാസുകാരെ കടത്തിവിടാറുണ്ട്. പാസിന്‍റെ കാലാവധി മാത്രമാണ് അത്തരം സാഹചര്യങ്ങളില്‍ പരിശോധിക്കുക. 

ഇത് മുതലെടുത്താണ് തട്ടിപ്പ്. ഏപ്രില്‍ മുതല്‍ പ്രതിമാസ പാസിന്‍റെ നിരക്ക് 340 ല്‍ നിന്ന് 350 വര്‍ധിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസമെത്തിയ വാഹനത്തിന് ജൂണ്‍ 26ന് അനുവദിച്ച പാസില്‍ തുകയായി രേഖപ്പെടുത്തിയിരുന്നത് 340 രൂപയായിരുന്നു. പരിശോധനയില്‍ തിയ്യതി തിരുത്തിയതാണന്നു കണ്ടെത്തി. തുടര്‍ന്നു പ്രതിമാസ പാസുള്ളവരെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. 

ENGLISH SUMMARY:

Pantheerankavu toll plaza fraud involves the creation of fake monthly passes for local residents, with dates and vehicle numbers being altered to evade tolls. This scam, exploiting the system where locals can get a monthly pass for a nominal fee, has been uncovered with authorities now conducting stricter checks on pass holders