മലപ്പുറം വെട്ടിച്ചിറ ടോൾപ്ലാസയില്‍ വീണ്ടും കൂട്ടത്തല്ല്. ഇവിടെ ടോള്‍ ജീവനക്കാരും നാട്ടുകാരുമായുള്ള ഏറ്റുമുട്ടല്‍ സ്ഥിരമാണ്. ഇത് വെട്ടിച്ചിറയിലെ മാത്രം സ്ഥിതിയല്ല. സംസ്ഥാനത്തെ പല റോ‍ഡുകളിലും ടോളില്‍ വാഹനയാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഗുണ്ടായിസവും തന്നെയാണ്. എന്തുകൊണ്ട് ഇതവസാനിപ്പിക്കാന്‍ പൊലീസ് ഇടപെടുന്നില്ല എന്നതൊരു ചോദ്യമാണ്. ടോളുകാരെക്കൊണ്ട് പൊലീസിന് ഉപകാരമുണ്ട് എന്ന് നാട്ടുകാര്‍ പറയുമ്പോ അതിനുള്ള ഉത്തരവും വ്യക്തമാണ്. റോഡിലിറങ്ങിയാല്‍ കൊല്ലുന്ന ടോളും കൊടുക്കണം, കിട്ടുന്ന തല്ലും വാങ്ങണം എന്നതാണ് സ്ഥിതി. ഇനിയിപ്പോ 

യാത്രക്കാര്‍ ടോള്‍ കൊടുത്തില്ലെന്നിരിക്കട്ടെ, അല്ലെങ്കില്‍ മോശമായി പെരുമാറി എന്നിരിക്കട്ടെ. ആ വണ്ടിയുടെ നമ്പര്‍ നോട്ട് ചെയ്ത് പൊലീസില്‍ പരാതിപ്പെടാലോ. അതിനു പകരം ആ വണ്ടി തല്ലിപ്പൊളിക്കാനും യാത്രക്കാരെ ആക്രമിക്കാനുമുള്ള ധൈര്യം ടോള്‍ ജീവനക്കാര്‍ക്കുണ്ടാകുന്നതെങ്ങനെയാണ്. ഈ ക്രിമിനല്‍ സ്വഭാവമാണോ ടോള്‍ പ്ലാസകളിലെ ജോലിക്കുള്ള യോഗ്യത? പൊതുജനത്തിന്റെ സ്വത്തിനും ശരീരത്തിനും നേരെയുള്ള ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ല.