sikkim

TOPICS COVERED

സിക്കിം തുരങ്ക അപകടത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥൻ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്‍റെ മരണം സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിന് കീഴിലുള്ള എൻഎച്ച്പിസി ഉദ്യോഗസ്ഥനായിരുന്നു. മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാളെ നാട്ടിലെത്തിക്കാനാണ് സാധ്യത. കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ അപകടത്തില്‍ ഇരുപത്തിരണ്ടുപേരാണ് മരിച്ചത്.

ഓണത്തിന് നാട്ടില്‍ വരാനിരിക്കെയാണ് അനീഷിന്‍റെ വേര്‍പാട് നാടിന് വേദനയായത്. നാലുദിവസമായി തുടര്‍ന്ന തിരച്ചിലിനിടെ കഴിഞ്ഞ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.  അനീഷിന്‍റെ ഭാര്യ ഡോക്ടർ സംഗീത, സഹോദരൻ ബിനീഷ് ഉൾപ്പെടെയുള്ളവർ സിക്കിമിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ തിങ്കൾ ഉച്ചയ്ക്കാണ് സിക്കിമിലെ നാംചി ജില്ലയില്‍ സമർദങ് ഗ്രാമത്തിൽ എൻഎച്ച്പിസിയുടെ പദ്ധതിപ്രദേശത്ത് ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുളള എന്‍എച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരായിരുന്നു അനീഷ്.

2011ൽ എൻഎച്ച്പിസിയിൽ ജോലിയിൽ പ്രവേശിച്ച അനീഷ് ഹരിയാനയിൽ നിന്ന് ഏഴു മാസം മുൻപാണ് സിക്കിമിൽ എത്തിയത്. പാമ്പാടി പത്താഴക്കുഴി കൂരോത്ത്പറമ്പിൽ ടികെ മോഹനൻ അമ്മിണിക്കുട്ടി ദമ്പതികളുടെ മകനാണ്. എട്ടുമാസം പ്രായമുള്ള ഇളയ മകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറ്റവും ഒടുവില്‍ അനീഷ് നാട്ടിലെത്തിയത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് എൻഎച്ച്പിസി അറിയിച്ചിട്ടുണ്ട്.

Anish Mohan's death has been confirmed following the Sikkim tunnel tragedy: