mismi

മനുഷ്യന്റെ കടന്നുകയറ്റവും കാലാവസ്ഥാ വ്യതിയാനവും കാടിന്റെ ആവാസ വ്യവസ്ഥയിൽ ചെറുതല്ലാത്ത മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവ്വമായ സസ്യ ജീവിവർഗങ്ങളിൽ പലതും  ഇന്ന് വംശനാശഭീഷണിയിലാണ്.... അത്തരത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണ് കിഴക്കൻ ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന മിഷ്മി ടക്കിൻ.

'ഗോട്ട് ആന്റലോപ്പ്' കുടുംബത്തിൽപ്പെട്ട ഇവ അരുണാചൽ പ്രദേശിലെ മിഷ്മി കുന്നുകളിലും സിക്കിം കാടുകളിലുമാണ് കണ്ടുവന്നിരുന്നത്. ബുഡോർകാസ് ടാക്സികളർ ടാക്സികളർ എന്നാണ് ശാസ്ത്രീയ നാമം. 4000 അടി ഉയർത്തിലുള്ള പ്രദേശങ്ങളിൽ ഇവയ്ക്ക് ജീവിക്കാനാകും. ആൽപൈൻ ആവാസവ്യവസ്ഥയിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ് ഈ ജീവിവർഗ്ഗം. 

ഇവ ഇന്ന് വംശനാശ ഭീഷണിയുടെ വക്കിലാണ്. അതിനിടെയാണ് ആശ്വാസകരമായ വാർത്ത എത്തുന്നത്. രണ്ടു പതിറ്റാണ്ടിൽ അധികമായി അദൃശ്യനായിരുന്ന മിസ്മി ടക്കിനെ ഒടുവിൽ കണ്ടു. സിക്കിമിലെ ബകു ചാങ് പ്രദേശത്താണ് മിഷ്മി ടകിൻ ആട്ടിൻ കൂട്ടത്തിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ പ്രതീക്ഷ ഏറുകയാണ്.

അതി തീവ്ര തണുപ്പിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നതാണ് ഇവയുടെ ശരീരഘടന. തടിച്ച ശരീരവും രോമവും പർവത മേഖലകളിൽ ജീവിക്കാൻ അനുകൂല ഘടകമാണ്. മുളക്കൂമ്പുകളും വില്ലോ ഇലകളുമാണ് പ്രധാന ഭക്ഷണം. അരുണാചൽ പ്രദേശിലെ ഇടു - മിഷ്മി ഗോത്ര വിഭാഗങ്ങളുടെ പുരാതന ഐതിഹ്യങ്ങളിൽ മിഷ്മി ടാക്കിൻ പ്രധാന സ്ഥാനമാണ് വഹിക്കുന്നത് .

ഇന്ത്യൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട സംരക്ഷിത ജീവിവർഗ്ഗമാണ് മിഷ്മി ടകിൻ.. ഈ അപൂർവ്വ ജീവിവർഗ്ഗം നിലനിൽക്കണമെങ്കിൽ കാടിനുള്ളിലെ മനുഷ്യന്റെ കടന്നുകയറ്റം പൂർണമായി അവസാനിപ്പിക്കണം...മനുഷ്യ സാനിധ്യത്തിന്റ നേരിയ അടയാളംപോലുമുള്ള സ്ഥലങ്ങളിൽ നിന്ന്  ടാക്കിനുകൾ ഒഴിവാകുമെന്നാണ് പറയപ്പെടുന്നത്.

പൂർണമായി വംശനാശം സംഭവിച്ചു പോയേക്കാം എന്ന് കരുതിയിരുന്ന മിഷ്മി ടക്കിന്റെ സാന്നിധ്യം കണ്ടെത്തിയത് പുതു പ്രതീക്ഷകളാണ്  നൽകുന്നത്...

ENGLISH SUMMARY:

Mishmi Takin, an endangered species, has been rediscovered in Sikkim after being thought lost for over two decades. This sighting offers new hope for the survival of this unique mammal, which is crucial to the alpine ecosystem and faces threats from human encroachment and climate change.