dubai-airport-2

ദുബായ് വിമാനത്താവളം (ഫയല്‍ ചിത്രം)

അടുത്തിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനകള്‍ക്കിടയിലാണ് സംഭവം. അതും ലക്ഷക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ടെർമിനലിൽ. തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി! ബാഗിനുള്ളില്‍ ജീവനുള്ള ഇരുന്നൂറിലധികം അപൂർവയിനം ജീവികള്‍. വിമാനത്താവളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വ്വമായ വന്യജീവി വേട്ട. ദുബായ് കസ്റ്റംസ് തന്നെയാണ് വിവരം പുറത്തുവിട്ടത്. 

സ്യൂട്ട്കേസിന് പുറത്ത് ബാഗിന് പുറത്ത് യാത്രക്കാരന്റെ വിവരങ്ങളോ വിമാനത്തെക്കുറിച്ചുള്ള സൂചനകളോ ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ജീവികളെ കണ്ടെത്തിയത്. ജീവനുള്ള 129 ഉടുമ്പുകൾ (Lizards), 36 തേളുകൾ (Scorpions), 8 പാമ്പുകൾ, 50 തവളകൾ എന്നിങ്ങവെ 223 ജീവികളാണ് ബാഗിലുണ്ടായിരുന്നത്. സംഭവം ഉടൻ പരിസ്ഥിതി-വന്യജീവി മന്ത്രാലയത്തെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ജീവികളെ ഏറ്റെടുക്കുകയും ചെയ്തു.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും രാജ്യാന്തര വ്യാപാരം തടയുന്നതിനുള്ള രാജ്യാന്തര കൺവെൻഷന്റെ (സിഐടിഇഎസ്) സംരക്ഷണപ്പട്ടികയിൽ ഉൾപ്പെട്ടവയാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. സിഐടിഇഎസിന്‍റെ നിബന്ധനകൾ ലംഘിച്ചാണ് കടത്തിന് ശ്രമം നടന്നത്. സംഭവത്തില്‍ ഉൾപ്പെട്ടവർക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ദുബായ് കസ്റ്റംസ് വ്യക്തമാക്കി. വിമാനത്താവളത്തിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് ബാഗ് ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ ശ്രമവും നടക്കുന്നുണ്ട്.

‘വന്യജീവി കടത്തെന്ന വർദ്ധിച്ചുവരുന്ന ഭീഷണിയിൽ നിന്ന് ജൈവവൈവിധ്യത്തെയും പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സംഭവത്തില്‍ ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പ്രതികരിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനായി യുഎഇയും ദുബായ് കസ്റ്റംസും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പരിശോധനാ സംഘത്തിന്റെ അതീവ ജാഗ്രതയെയും വൈദഗ്ധ്യത്തെയുമാണ് സംഭവം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

In a major anti-trafficking operation, Dubai Customs officials at Dubai International Airport recently discovered an abandoned suitcase containing over 200 rare, live animals. During a routine inspection of a terminal, officers found the luggage—which lacked any owner identification—and were shocked to uncover 129 lizards, 36 scorpions, 8 snakes, and 50 frogs. Many of the seized species are protected under the Convention on International Trade in Endangered Species of Wild Fauna and Flora (CITES). The animals have since been transferred to the care of the Ministry of Environment and Wildlife for proper rehabilitation. While authorities are currently utilizing CCTV footage to track down the individual responsible for the shipment, Dubai Customs has vowed to pursue strict legal action. Officials reiterated their commitment to protecting biodiversity and combating the growing threat of illegal wildlife trade through constant vigilance at the border.