സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ പത്തിന് തിരൂർക്കാട് ജുമാ മസ്ജിദിൽ .
സമസ്തയിലെ സർവ്വ സ്വീകാര്യനായ നേതാവാണ് വിടവാങ്ങുന്നത്. ആരോഗ്യസ്ഥിതി മോശമായപ്പോഴും സംഘടനാ കാര്യങ്ങളിൽ സജീവ ഇടപെടൽ നടത്താൻ ശ്രമിച്ചിരുന്നു. പതിറ്റാണ്ടായി സംസ്ഥാന നേതൃനിരയിലെ പ്രധാന മുഖങ്ങളിൽ ഒരാളാണ്. 1945-ൽ മലപ്പുറം ഇരുമ്പുഴി തെക്കും മുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടിയുടെയും മകനായാണ് ജനനം. പിതാമഹനായ കുന്നത്ത് ആലി ഹാജിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയായിരുന്നു തുടക്കം. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലായിരുന്നു ആദ്യ സേവനം. 1979-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ മുദരിസായി നിയമിതനായി.
2003-ൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ സമസ്ത കേന്ദ്ര മുശാവറയിൽ അംഗമായി. 2016 ലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ്, സമസ്‌ത ഫത്വ കമ്മിറ്റി അംഗം, സുന്നി അഫ്കാർ വാരിക ചീഫ് എഡിറ്റർ പദവികൾ വഹിക്കുന്നുണ്ട് .
കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. ആൾ ഇന്ത്യ പഴ്‌സണൽ ലോ ബോർഡ്, മുസ്‌ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവാണ്. ബഹുഭാഷാ പണ്ഡിതനാണ്. വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളേജിലാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയത്.