വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്നത് വരെ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉടൻ നിയമിച്ചുകൂടേയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. നിലവിലെ ബോർഡ് സമഗ്രമായി പുനസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നും, അതിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേരള വഖഫ് ബോർഡിന്‍റെ രൂപീകരണം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നിർണായക ഇടപെടൽ. ബോർഡ് മുഴുവനായി പുനസംഘടിപ്പിക്കുന്നത് വരെ നിലവിലുള്ള രണ്ട് ഒഴിവുകൾ നികത്തി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകില്ലേയെന്ന് കോടതി ചോദിച്ചു. രണ്ട് മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡിന് പ്രവർത്തിക്കാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
നിലവിലുള്ള രണ്ട് ഒഴിവുകൾ ആവശ്യമായ വിഭാഗങ്ങളുടേതല്ലെന്നും, അത് നികത്തിയാൽ പ്രശ്നം പരിഹരിക്കാനാകില്ലെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. രണ്ട് അമുസ്‌ലിം അംഗങ്ങളെയും, നിയമം അനുശാസിക്കുന്ന മറ്റ് വിഭാഗങ്ങളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി നിലവിലെ ബോർഡിന് സമഗ്ര പുനഃസംഘടന ആവശ്യമാണ്. വഖഫ് നിയമത്തിലെ സെക്ഷൻ 14 അനുസരിച്ച് സർക്കാർ തുടർ നടപടികൾ സ്വീകരിക്കുമെന്നും എ.ജി വ്യക്തമാക്കി.
നിലവിലെ ബോർഡ് രൂപീകരണത്തിൽ നിയമപരമായ പിഴവുണ്ടോയെന്ന് വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണം. ബോർഡ് പുനസംഘടിപ്പിക്കണമോ വേണ്ടയോ എന്നത് സർക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നും, ആ വിഷയത്തിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വഖഫ് ബോർഡിന്‍റെ ജുഡീഷ്യൽ സിറ്റിങിന് വിലക്കില്ലെന്നും കോടതി കഴിഞ്ഞ തവണത്തെ ഇടക്കാല ഉത്തരവിൽ വ്യക്തത വരുത്തി.