അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിൽ എത്തുന്ന വ്യക്തിയെ വെറും ‘ഉപഭോക്താവ്’ എന്ന നിലയിൽ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തിയുടെ പണമിടപാട് തന്നെ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകമായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി.
അനാശാസ്യ കേന്ദ്രം ലൈംഗിക പ്രവർത്തനം നടക്കുന്ന സ്ഥലം മാത്രമല്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പ് എന്നത് സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ള വാണിജ്യ ചൂഷണമാണ്. ഇടപാടുകാരുടെ ആവശ്യകതയും അവർ നൽകുന്ന പ്രതിഫലവുമാണ് ഇത്തരം ചൂഷണങ്ങളെ നിലനിർത്തുന്നത്. അതിനാൽ നിയമം നിരോധിച്ച ഈ വാണിജ്യ ഇടപാടിൽ ഇടപാടുകാരനും സജീവ പങ്കാളിയാണെന്നും, അവർക്കെതിരെ ഇമ്മോറൽ ട്രാഫിക് തടയൽ നിയമപ്രകാരം കേസെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇടപാടുകാരൻ എന്നത് ഉപഭോക്താവാണെന്നും, അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
തൃശ്ശൂർ ചാവക്കാട് സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുനമ്പം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായിരുന്നു ഹർജിക്കാരൻ. താൻ കേവലം ഇടപാടുകാരൻ മാത്രമാണെന്നും, അതിനാൽ തനിക്കെതിരെ കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ വാണിജ്യപരമായ ലൈംഗിക ചൂഷണം പൂർണ്ണമായി തടയുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രധാന പങ്കാളിയായ ഇടപാടുകാരെ ഇതിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയാൽ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ ഇല്ലാതാകുമെന്നും കോടതി വ്യക്തമാക്കി.