കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് തന്നെ കാണാന്‍ അനുമതി നിഷേധിച്ച വാര്‍ത്തയില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. തന്റെ ഓഫിസില്‍ ആര്‍ക്കും വരാം. കെഎസ്‌യു പ്രസിഡന്റിനെ കാണാന്‍ അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളജില്‍വച്ച് അലോഷ്യസിനെ കണ്ടില്ല. കണ്ടിട്ട് മനഃപൂര്‍വം മിണ്ടാതെ പോയതല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യുവും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി വി.ഡി.സതീശൻ പരസ്യമായി അവഗണിച്ചത് വന്‍വാര്‍ത്തയായിരുന്നു. ഗവൺമെന്റെ പ്ലീഡർ നിയമന കെഎസ്‌യു കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വിഷയം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. വിവാദത്തിൽ ചേരിത്തിരിഞ്ഞ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു.
Also Read: ‘മുഖ്യമന്ത്രിയും കെഎസ്‌യുവിലൂടെ വന്നയാള്‍, ഞങ്ങളുടെ വികാരം ഉൾക്കൊള്ളും’; അലോഷ്യസ്
ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ കെഎസ്‌യു അധ്യക്ഷനെ പരസ്യമായി പ്രശംസിച്ചും പിന്തുണച്ചും വി.എം സുധീരനും വിവാദത്തിൽ കക്ഷിചേർന്നു. പ്രവർത്തകർക്ക് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് കെ.സി.വേണുഗോപാലും,കെഎസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. അലോഷ്യസിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചപ്പോൾ, തേവര കോളേജിലെ പരിപാടിക്ക് തിരക്കിനിടയിൽ മുഖ്യമന്ത്രി അലോഷ്യസിനെ കണ്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.
ലോയേഴ്സ് കോൺഗ്രസ് പ്രവർത്തകയാണെന്ന ബോധ്യമുള്ളതു കൊണ്ടാണ് ജിയോണ ജയിംസിനെ പ്ലീഡർ സ്ഥാനത്തേക്ക് ശുപാർശ ചെയ്തതെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. യോഗ്യതയാണു മാനദണ്ഡമെന്നും ലോയേഴ്സ് കോൺഗ്രസ് പിന്തുണച്ച ആളെയാണ് ശുപാർശ ചെയ്തതെന്നും ഡീൻ പറഞ്ഞു. പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിയോണ കോൺഗ്രസിൽ എപ്പോൾ എത്തി എന്നത് നോക്കേണ്ട കാര്യമില്ല. സന്ദീപ് വാരിയർ പാർട്ടിയിൽ വന്നപ്പോൾ ആരെങ്കിലും എതിർത്തിരുന്നോ എന്നും ഡീൻ ചോദിച്ചു. അഭിഭാഷക നിയമനത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഒരു യുവ എംപിയുടെ ശുപാർശ കണക്കിലെടുത്തുള്ള നിയമനമാണെന്നും കോൺഗ്രസ് നേതാവ് കെ.ബാബു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അതു താനാണെന്ന് ഡീൻ വ്യക്തമാക്കിയത്.