kalladi

വയനാട് കള്ളാടിയിലെ മീനാക്ഷിപ്പാലത്തിന് ബലക്ഷയമില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്. മണ്ണിടിച്ചിലിൽ തകർന്ന കൈവരികൾ നന്നാക്കി പാലം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കും. അതേസമയം, ദുരന്തമേഖലയിലെ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ഈ ആഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും.

മണ്ണിടിച്ചിലിൽ വൻ നാശം വിതച്ച കള്ളാടിയിലെ മീനാക്ഷിപ്പാലത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ പരിശോധന പൂർത്തിയായി. പാലത്തിന് വിള്ളലോ മറ്റ് ബലക്ഷയങ്ങളോ ഇല്ലെന്നാണ് പരിശോധനാ റിപ്പോർട്ട്. തകർന്ന കൈവരികളുടെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും. ഇത് പൂർത്തിയാക്കി എത്രയും വേഗം ഗതാഗതം പുനഃസ്ഥാപിക്കും. അതിനിടെ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനകളും പുരോഗമിക്കുകയാണ്. 

സമിതി അംഗമായ ഡോ. ജൂഡ് ഇമ്മാനുവൽ ഇന്നലെ കള്ളാടി സന്ദർശിച്ചു. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷ് തുടങ്ങിയ മറ്റ് സമിതി അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുരങ്കപാതയുടെ നിർമ്മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങോട്ട്, എങ്ങനെ മാറ്റണം എന്നതിൽ ജില്ലാ ഭരണകൂടത്തിൽ നിന്നും കരാർ കമ്പനിയിൽ നിന്നും സമിതി വിവരങ്ങൾ തേടിയിട്ടുണ്ട്. ഇതിൽ രണ്ടുദിവസത്തിനുള്ളിൽ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷ, അങ്ങനെവന്നാൽ ഈ ആഴ്ച തന്നെ സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറും. മണ്ണ് നീക്കം ചെയ്യാതെ അവിടെ താമസിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികൾ. 

ENGLISH SUMMARY:

Meenakshi Bridge in Kalladi, Wayanad, has been declared structurally sound by the Public Works Department, with repairs to its damaged parapets set to begin soon. An expert committee is also expected to submit a report this week regarding the removal of soil from the landslide-affected area, a crucial step for the local residents' safety and resettlement.വ