kalladi-landslide

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനിശ്ചിതമായി നീളുന്നു. ഒരു മാസത്തിനകം സമർപ്പിക്കേണ്ട റിപ്പോർട്ടാണ് ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ കാരണം കാരണം വൈകുന്നത്. കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാത നിർമ്മാണം പുനരാരംഭിക്കാൻ റിപ്പോർട്ട് അനിവാര്യമായിരിക്കെയാണ് ഈ മെല്ലെപ്പോക്ക്.

ജൂലൈ 10-നാണ് റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന കെ. ജീവൻബാബുവിനെ കൺവീനറാക്കി സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. ഒരു മാസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് കൈമാറാനായിരുന്നു നിർദ്ദേശം.

ജൂലൈ 23-ന് ദുരന്തമേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തിയ സമിതി, കൂടിയാലോചനകൾക്ക് ശേഷം റിപ്പോർട്ടിന്റെ കരട് തയ്യാറാക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ ജീവൻബാബുവിനെ മാറ്റി ടിങ്കു ബിസ്വാളിനെ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.

ഇതോടെ വിദഗ്ധ സമിതി യോഗം വിളിക്കുന്നതും നീണ്ടു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഒരാഴ്ച മുൻപ് വിദഗ്ധ സമിതി അംഗങ്ങൾ സർക്കാരിന് കത്തെഴുതിയെങ്കിലും തുടർനടപടികളുണ്ടായില്ല. മിനുക്കുപണികൾ പൂർത്തിയാക്കിയാൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കൈമാറാവുന്നതേ ഉള്ളുവെന്ന് സമിതി അംഗങ്ങൾ പറയുന്നു.

ദുരന്തകാരണം കണ്ടെത്തുക, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന പരിഗണനാ വിഷയങ്ങൾ. കരാറുകാർ നിബന്ധനകൾ പൂർണ്ണമായി പാലിച്ചിട്ടുണ്ടോ, നിർമ്മാണ മേഖലയിൽ സുരക്ഷാവീഴ്ചയോ സാങ്കേതികപ്പിഴവോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ നിർണ്ണായക കാര്യങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് 2 മാസമായ സാഹചര്യത്തിലും റിപ്പോർട്ട് വൈകുന്നതിനാലും സുരക്ഷ ഉറപ്പാക്കി തുരങ്കപ്പാതയുടെ പണി പുനരാരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

ENGLISH SUMMARY:

The expert committee report investigating the Kalladi landslide disaster is indefinitely delayed, with official apathy stalling its submission. This delay is critical as the report is essential for resuming the Kalladi-Anakkampoyil tunnel road construction.