സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്കിടെ അര്‍ജന്‍റീന സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സരത്തിനിടെ വൈദ്യുതി തടസമുണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി. ഇന്ന് രാവിലെ തുടങ്ങി നാളെ പുലര്‍ച്ചെ വരെ വൈദ്യുതി മുടങ്ങാതിരിക്കാന്‍ കൂടുതല്‍ പണം നല്‍കി ഇരുപത്തി നാല് മണിക്കൂര്‍ നേരത്തേക്കുള്ള കരാറിലൂടെ മതിയായ വൈദ്യുതി ഉറപ്പാക്കി. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ഇന്നുരാത്രി പന്ത്രണ്ടരയ്ക്കാണ് മല്‍സരം.
സംസ്ഥാനത്തെ വൈദ്യുതോല്‍പാദനം പരമാവധി ഉയര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെഗുലേറ്ററി കമ്മിഷന്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇന്ന് രാത്രി മുതല്‍ 200 മെഗാവാട്ട് വൈദ്യുതി കൂടി സംസ്ഥാനത്തിന് കൂടുതലായി ലഭിക്കും. കേന്ദ്രവിഹിതവും, പവര്‍ എക്സ്ചേഞ്ചില്‍ നിന്നും കിട്ടുന്നതും കഴിഞ്ഞാല്‍ മുന്നൂറ് മെഗാവാട്ടിന്‍റെ കുറവാണ് ദിവസേന രേഖപ്പെടുത്തുന്നത്. പ്രതിദിന വൈദ്യുതി ഉപയോഗത്തിന്‍റെ കാര്യത്തിലും കുറവ് വരുന്നതിനാല്‍ ഒരിടത്തും കറണ്ട് കട്ടുണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം അറിയിച്ചു.
200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷത്തേക്കാണ് കരാര്‍. യൂണിറ്റിന് 5.96 രൂപയ്ക്ക് രാത്രിയില്‍ വൈദ്യുതി വാങ്ങാനാണ് ധാരണ. ഇതിനൊപ്പം പുതിയ പദ്ധതികളുടെ സാധ്യതകളും കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയവും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും പഠനത്തിന്‍റെ ഭാഗമാവുമെങ്കിലും സര്‍ക്കാര്‍ നയത്തിന്‍റെ അടിസ്ഥാനത്തിലാവും തുടര്‍നടപടി.