രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസ് അട്ടിമറിയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. നടപടിക്രമങ്ങള്‍ പാലിക്കാതെ നടപടിയെടുക്കാനാവില്ലെന്നും നടപടി എടുത്ത് കഴിയുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അതിനിടെ അജിത്കുമാറിന്‍റെ ഡി.ജി.പി സ്ഥാനക്കയറ്റം പരിശോധിക്കുന്ന സ്ക്രീനിങ് കമ്മിറ്റി 20ന് ചേരും. അതിന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായേക്കില്ല.
എന്നാല്‍ മുഖ്യമന്ത്രി വാദിക്കുന്നത് പോലെ എസ്.ഐ.ടിയോട് റിപ്പോര്‍ട്ട് ചോദിച്ചുവാങ്ങേണ്ട കാര്യമില്ല. കാരണം ജൂണ്‍ 22ന് തന്നെ എസ്.ഐ.ടി റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയിരുന്നു. പിന്നീട് 22 ദിവസം ആ റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്ത് പൊടിപിടിച്ചിരുന്നു. ആക്ഷേപങ്ങള്‍ ഉയര്‍ന്ന ശേഷം തിങ്കളാഴ്ച മാത്രമാണ് പരിശോധിച്ചത്. പരിശോധിച്ചപ്പോള്‍ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് പറഞ്ഞ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇതാണ് നടപടി വൈകുന്നുവെന്ന ആക്ഷേപത്തിന് അടിസ്ഥാനം. ഡി.ജി.പിയുടെ കൈവശമുള്ള റിപ്പോര്‍ട്ടുകള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് പതിവാണെന്നുമിരിക്കെയാണ് മുഖ്യമന്ത്രി സാങ്കേതികത്വം പറയുന്നത്.
എസ്ഐടി റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയതോടെ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുന്നത് പരിഗണിക്കുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് മുന്‍പ് അന്തിമ റിപ്പോര്‍ട്ടും നടപടിയുമുണ്ടായേക്കില്ല. എന്നാല്‍ സ്ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റം നല്‍കിയാലും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥാനക്കയറ്റം തടയാന്‍ തടസമില്ലെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരുടെ തല്ലുകൊണ്ട എ.ഡി.തോമസ് എം.എല്‍.എ ഉള്‍പ്പടെയുള്ള പരാതിക്കാര്‍.