1. രാജന്‍ ജോസഫ് നിലത്ത് വീഴുന്നു. 2. രാജന്‍ ജോസഫ് (Image Credit: facebook.com/SakhavR)
പത്തനംതിട്ടയിലെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ ആക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യുട്യൂബർ രാജന്‍ ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. അറസ്റ്റിലായ ശനിയാഴ്ച രാത്രി അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു ആക്രമണം. പൊലീസ് ഏറെ പണിപ്പെട്ടാണ് രാജനെ രക്ഷിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പ്രവര്‍ത്തകര്‍ സംഘടിച്ചത്.
പൊലീസിന്‍റെ രക്ഷാ പ്രവര്‍ത്തനത്തിന് ഇടയില്‍ രാജന്‍ നിലത്ത് വീണു. ഞായറാഴ്ച പൊലീസ് സ്റ്റേഷന് മുന്നില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചു. എതിര്‍ഭാഗത്ത് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സംഘടിച്ചെങ്കിലും സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് യുട്യൂബർ നിലമ്പൂർ സ്വദേശി രാജൻ ജോസഫിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവിയെ കുറിച്ച് രാജന്‍ ഒട്ടേറെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. രാജൻ ജോസഫിനെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ട്.