വയനാട് കള്ളാടിയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിക്ക് സമീപം പേടിയൊഴിയാതെ ഒരു കുടുംബം. തുരങ്കപാത നിർമ്മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പൂർണ്ണമായും നീക്കം ചെയ്യാതെ സ്വന്തം വീട്ടിലേക്ക് ഇനി മടങ്ങില്ലെന്ന നിലപാടിലാണ് ഖദീജയും കുടുംബവും.
കുത്തിയൊലിച്ചെത്തിയ കൂറ്റൻ മൺകൂന മീനാക്ഷി പാലം മുഴുവനും കവർന്നു. പാലത്തിൽ നിന്നും കഷ്ടിച്ച് 50 മീറ്റർ മാത്രം അകലെയാണ് ഖദീജാമ്മയുടെ വീട്. ദുരന്തം നടന്നപ്പോൾ അമ്മയും ഭർത്താവും മകൻറെ ഭാര്യയും രണ്ടു മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇന്നും ആ ഓർമ്മകൾ അമ്മയുടെ ഉറക്കം കെടുത്തുന്നു.
കഴിഞ്ഞ ദിവസമാണ് ഉപ്പുപ്പാറയിലെ മകൻറെ വീട്ടിലേക്ക് മാറിയത്. അവിടെ വീടുപണി നടക്കുന്നതിനാൽ ഒരു ഷെഡിലാണ് കഴിയുന്നത്. വാടകവീട്ടിലേക്ക് മാറാൻ ആഗ്രഹമുണ്ട് എന്നാൽ കയ്യിൽ പണമില്ല. അത്യാവശ്യ സാധനങ്ങളെല്ലാം മകൻ്റെ ഭാര്യയെത്തി ഓട്ടോയിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇനി ഖദീജാമ്മയ്ക്കും കുടുംബത്തിനും സ്വന്തം വീട്ടിൽ അന്തിയുറങ്ങണമെങ്കിൽ ടാർപ്പായ ഷീറ്റ്കൊണ്ട് മറച്ചു വെച്ചിരിക്കുന്ന ഈ വലിയ മൺകൂന നീക്കം ചെയ്യണം. സർക്കാരിന്റെ വിദഗ്ധ സമിതി എന്നെത്തുമെന്നോ, ഈ ഭീഷണി എന്നൊഴിയുമെന്നോ ഇവർക്കറിയില്ല. അതുവരെ ഇവരുടെ ഇരുണ്ട ജീവിതത്തിന് ആര് വെളിച്ചമാകും? അധികാരികൾ ഉത്തരം നൽകിയേ തീരൂ.