എട്ടു ജീവനുകൾ പ്രകൃതി കവർന്നെടുത്ത കള്ളാടി ദുരന്തഭൂമിയിൽ ആറു ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇന്നലെ അവസാന മൃതദേഹവും കണ്ടെത്തിയത്. ദുരന്തഭൂമിയിലെ ചെളിമണ്ണിൽ പതിഞ്ഞ കുറെ കാൽപ്പാടുകളുണ്ട്; പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന്റെയും മനുഷ്യന്റെ അതിജീവനത്തിന്റെയും കഥ പറയുന്ന കാൽപ്പാടുകൾ. അവ നൽകുന്ന വിങ്ങുന്ന ഓർമപ്പെടുത്തലുകളിലൂടെ.

കള്ളാടിയിൽ കാണുന്ന കാല്പാടുകൾ ചിലപ്പോൾ മരണത്തിലേയ്ക്കുള്ള വഴിയേ നീങ്ങിയതാവാം. ചിലത് ജീവിതത്തിലേയ്ക്കുള്ള പാച്ചിലിൻ്റെ ബാക്കിപത്രങ്ങളാവാം. മറ്റു ചിലതാണെങ്കിലോ കുറെ പേരെ മരണക്കയത്തിൽനിന്ന് ജീവിതത്തിലേയ്ക്ക് വലിച്ചുകയറ്റിയവരുടെ പാദങ്ങളാണ്. എന്തായാലും ആ മണ്ണിൽ ഇതുവരെ മരണത്തിൻ്റെ മണമുണ്ടായിരുന്നു. ആറു ദിവസത്തെ കഠിനമായ തിരച്ചിലിനൊടുവിൽ അവസാന ശരീരവും ഈ മണ്ണ് വിട്ടുനൽകി. ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള മനുഷ്യന്‍റെ വ്യഗ്രത ഈ ചെളിമണ്ണിൽ പുതിയ അടയാളങ്ങൾ തീർക്കുന്നു.

ഈ ചുവടുവെപ്പിനോരോന്നും കഥകളേറെ പറയാനുണ്ട്. അവ പുതഞ്ഞ മണ്ണിൽ കണ്ണീരിൻ്റെ നനവുണ്ട്. ആശങ്ക നിറഞ്ഞ ഹൃദയങ്ങളുടെ ഭാരമുണ്ട്. ഇനിയും ബാക്കി നിൽക്കുന്ന ഭയത്തിൻ്റെ ലാഞ്ചനയുണ്ട്. ആ ഭയം അടുത്ത കാലത്തൊന്നും മായില്ല. കാരണം ഓരോ മഴക്കാലവും വയനാട്ടിൽ കൊണ്ടുവരുന്നത് കണ്ണീരും ആശങ്കയും ഭീതിയുമാണ്. ഇപ്പോൾ എട്ടു മനുഷ്യരാണ് ഈ മണ്ണിൽ മറഞ്ഞത്. അവർക്കു കൂട്ടായി എത്രയോ ജീവനുകൾ ഈ താഴ് വാരങ്ങളിൽ മുൻപ് ബലി കൊടുക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ ഓരോ ചുവടും ദുരന്തത്തിൻ്റെ സാക്ഷ്യപത്രങ്ങളാണ്. ജാഗ്രത പാലിച്ചില്ലെങ്കിൽ വീണ്ടും സംഭവിക്കാവുന്ന ദുരന്തങ്ങളുടെ കൃത്യമായ മുന്നറിയിപ്പുകൾ കൂടിയാണ്. 

ഇവ വൈകാതെ അപ്രത്യക്ഷമാകും. അവയ് ക്കൊപ്പം ഈ മൃതി സ്മരണകളും ഇല്ലാതാകും. പ്രകൃതിക്ക് മുന്നിൽ എല്ലാവരും ഒരുപോലെ നിസ്സഹായരാണെന്ന ഓർമ്മപ്പെടുത്തലുകളാണവ. ആരുടെ പാദങ്ങളാണ് അവിടെ പതിഞ്ഞതെന്ന് പ്രകൃതി നോക്കാറില്ല തിരച്ചിലുകൾ അവസാനിപ്പിച്ച് മനുഷ്യർ ഒഴിഞ്ഞുപോയേക്കാം. പക്ഷേ, ഈ ചെളിമണ്ണിൽ പുതഞ്ഞ കാൽപ്പാടുകൾ കള്ളാടി ദുരന്തത്തിന്റെ വിങ്ങുന്ന ഓർമ്മയായി കാലങ്ങളോളം അവശേഷിക്കും. 

ENGLISH SUMMARY:

Kalladi tragedy witnessed the recovery of the last body after six days of intense search, leaving behind footprints that narrate tales of nature's fury and human resilience. These imprints serve as poignant reminders of both the paths leading to death and the desperate struggles for survival.manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ