nadappalam

TOPICS COVERED

കണ്ണൂര്‍ ചപ്പാരപ്പടവില്‍ രണ്ട് പതിറ്റാണ്ടായി പുനര്‍നിര്‍മിക്കാതെ ഒരു നടപ്പാലം. 2006ലുണ്ടായ മലവെള്ളപ്പാച്ചിലില്‍ നശിച്ചുപോയ പാലമാണ് നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്. കരാറുകാരന് പണം ലഭിക്കാതായതോടെ നിര്‍മാണം നിലച്ച പാലത്തിന് പുതുജീവന്‍ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

എരുവാട്ടി, കരിങ്കയം ഗ്രാമങ്ങളെ ബന്ധിപ്പിച്ചിരുന്ന നടപ്പാലമായിരുന്നു ഇവിടെ. 2006 മെയ് 26നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ആ പാലം തകര്‍ന്നു. ഇതോടെ ഗ്രാമങ്ങള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞു. കരിങ്കയത്തെ സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ പഠനം മുടങ്ങി. പിന്നീട് താല്‍കാലികമായി എരുവാട്ടിയിലും സ്കൂള്‍ ആരംഭിച്ചാണ് ബദല്‍ സംവിധാനം ഒരുക്കിയിരുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ കാണുന്ന നടപ്പാലത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. പക്ഷേ, ശൈശവ ഘട്ടത്തില്‍ നിന്ന് അധികം വളരാന്‍ പാലത്തിന് കഴിഞ്ഞില്ല. തൂണുകള്‍ നിര്‍മിച്ചപ്പോഴേക്കും കരാറുകാരന് പണം ലഭിക്കാത്തതിനാല്‍ നിര്‍മാണം നിലച്ചു. പ്രതിഷേധങ്ങളുണ്ടായെങ്കിലും അതൊന്നും ഫലം കണ്ടില്ല.

പില്‍ക്കാലത്ത് അടുത്ത പ്രദേശമായ മണിക്കലില്‍ പുതിയ പാലം വന്നതോടെ നടപ്പാലമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിച്ചു. പണ്ട് ഈ പാലം കടന്നിരുന്നവര്‍ മണിക്കല്‍ പാലം വഴിയാണ് മറുകരയെത്തുന്നത്. അതും കിലോമീറ്ററുകള്‍ ചുറ്റിയാണ് യാത്ര. ഈ നടപ്പാലം സമീപവാസികളുടെ ആവശ്യമാണ്. ചുറ്റിവളഞ്ഞുള്ള യാത്ര മടുത്തവര്‍ പ്രതീക്ഷകളോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറേനാളായി. 

ENGLISH SUMMARY:

The Chapparappadavu footbridge in Kannur has been unrepaired for two decades, significantly impacting local connectivity and student education since its destruction in a 2006 flood. Residents are demanding the completion of the bridge, which remains stalled due to contractor payment issues, highlighting broader infrastructure challenges in Kerala.