PRATHI

TOPICS COVERED

കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്ന് രക്ഷപെട്ട് തൊട്ടടുത്തുള്ള ആശുപത്രി കെട്ടിടത്തിൽ ഒളിച്ച കള്ളനെ സാഹസികമായി പിടി കൂടി. മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പന്തീരങ്കാവ് സ്വദേശി വിവേകാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ നിന്നു രക്ഷപെട്ടത്. 

നാടകീയ സംഭവങ്ങള്‍ക്കാണു പുലര്‍ച്ചെ കോഴിക്കോട് മെ‍‍ഡിക്കല്‍ കോളജും സമീപത്തുള്ള പൊലീസ് സ്റ്റേഷനും വേദിയായത്. ഓട്ടോറിക്ഷ മോഷണക്കേസിലാണ് പന്തീരങ്കാവ് സ്വദേശി വിവേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൈവിലങ്ങണിയിച്ചശേഷം  ലോക്കപ്പിലേക്കു മാറ്റി. എന്നാല്‍ സദാസമയം നീരീക്ഷണമുള്ള ലോക്കപ്പ് താഴിട്ടു പൂട്ടാന്‍ ചുമതലയുണ്ടായിരുന്ന വനിത പൊലീസ് മറന്നു.

പുലര്‍ച്ചെ രണ്ടുമണിയോടെ പാറാവുകാര്‍ മയക്കത്തിലേക്കു വീഴുന്ന തക്കം നോക്കി വിവേക് പുറത്തുചാടി. മെലിഞ്ഞ ശരീര പ്രകൃതിയുള്ള വിവേക് വിലങ്ങൂരിയെറിഞ്ഞ ശേഷം നേരെ എതിര്‍വശത്തുള്ള ആശുപത്രി കെട്ടിടത്തിലേക്കു കടന്നു. പൈപ്പുകളിലൂടെ പാരപ്പറ്റിലെത്തിയ പ്രതി ജനല്‍ ചില്ല് തകര്‍ത്ത് അകത്തുകയറി ഒളിച്ചു. ലോക്കപ്പില്‍ പ്രതിയെ നഷ്ടമായെന്നറിഞ്ഞ പൊലീസുകാര്‍ പരിഭ്രാന്തിയില്‍ തിരിച്ചില്‍ തുടങ്ങി. ഈസമയത്താണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും ആശുപത്രി ജീവനക്കാരും പേവാര്‍ഡ് വളഞ്ഞു. 

ഏറെ സമയത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് വാതില്‍ തകര്‍ത്ത് കള്ളനെപിടികൂടിയത്. പ്രതി കസ്റ്റഡിയില്‍ നിന്നു രക്ഷപെട്ട കേസില്‍ സ്റ്റേഷനില്‍ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രാഥമിക വിവരം.