കോഴിക്കോട്ട് സി.പി.എമ്മില്‍ സജീവമായി തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്. യുഡിഎഫ് സർക്കാരിന്റെ ആറുമാസത്തെ ഭരണത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മയില്‍ ആര്യ പങ്കെടുത്തു. ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനൊപ്പമാണ് ആര്യ വേദിയിലെത്തിയത്. ആര്യയ്ക്ക് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേരത്തേ പാര്‍ട്ടി അനുമതി നല്‍കിയിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് തന്റെ പ്രവർത്തന മേഖല തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് മാറ്റാൻ ആര്യ രാജേന്ദ്രൻ പാർട്ടിയോട് അനുമതി തേടിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അപേക്ഷ അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അനുമതി നല്‍കുകയും ചെയ്തു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ.
ആര്യയുടെ പങ്കാളി സച്ചിന് ദേവ് കോഴിക്കോട് സ്വദേശിയാണ്. അതുകൊണ്ടുതന്നെ കോഴിക്കോട്ടേക്ക് കുടുംബം പൂർണമായി താമസം മാറ്റുമെന്ന കാര്യം നേരത്തെ ആര്യ പാർട്ടി നേതാക്കളോട് സൂചിപ്പിച്ചിരുന്നു. പാർട്ടി അനുമതി നൽകിയതോടെ, കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎം വേദികളിലും പൊതുപരിപാടികളിലും ആര്യ സജീവ സാന്നിധ്യമായി മാറുകയാണ്.
21-ാം വയസ്സിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റ ആര്യ, രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിലാണ് ദേശീയശ്രദ്ധ നേടിയത്. തിരുവനന്തപുരം കോർപ്പറേഷന്റെ 46-ാമത് മേയറായിരുന്നു ആര്യ. എന്നാല്‍ മേയർ പദവി ഒഴിയുന്ന സമയം വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും നേരിടേണ്ടി വരികയും ചെയ്തിരുന്നു. 2025 ല്‍ നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൽഡിഎഫിന് വലിയ തിരിച്ചടിയും നേരിട്ടു. ആര്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുമില്ല. കോർപ്പറേഷൻ നഷ്ടമായതിനെ തുടര്‍ന്ന് ആര്യ ഏറെക്കാലം സജീവ പ്രവർത്തന രംഗത്തുനിന്നും മാറിനില്‍ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ഈ സാഹചര്യങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് ആര്യ രാജേന്ദ്രൻ തന്റെ പ്രവർത്തന തട്ടകം കോഴിക്കോട്ടേക്ക് മാറ്റിയത്. ആര്യയുടെ രാഷ്ട്രീയ ജീവിതത്തിലെ 'രണ്ടാം ഇന്നിംഗ്സ്' ആയാണ് കോഴിക്കോട് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ആര്യ രാജേന്ദ്രന്. നേരത്തേ, തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വി.എസ്. ശ്യാമയെയാണ് ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്.