sugathan-bjp-serious-allegation

കാപ്പ കുറ്റം ചുമത്തപ്പെട്ട തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി. കൗണ്‍സിലര്‍ ആര്‍. സുഗതന് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം. വധശ്രമക്കേസിലാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി 28 മണിക്കൂറത്തേക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഹൈക്കോടതി കാപ്പയില്‍ കൂടി ഇടക്കാല ഇളവ് അനുവദിച്ചാലേ പുറത്തിറങ്ങി സത്യപ്രതിജ്ഞ ചെയ്യാനാവൂ. ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ബി.ജെ.പി തീരുമാനം.

കാപ്പാ കുറ്റം ചുമത്തിയും വധശ്രമക്കേസില്‍ പ്രതിയായും ജയിലിലായ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍.സുഗതനും, സുഗതന്‍ കാരണം ആടിയുലയുന്ന ബി.ജെ.പി ഭരണസമിതിക്കും നേരിയ താല്‍കാലിക ആശ്വാസം. സത്യപ്രതിജ്ഞ ചെയ്യാനായി 13ന് വൈകിട്ട് 4 മുതല്‍ 14 ന് രാത്രി 9 മണി വരെ ഇടക്കാലജാമ്യം കിട്ടി. വിയ്യൂര്‍ ജയിലിലുള്ള സുഗതന് യാത്രക്ക് വേണ്ടിയാണ് ഇത്രയും സമയം അനുവദിക്കുന്നതെന്ന് പറഞ്ഞ കോടതി 14ന് രാവിലെ 11 മണിക്ക് സുഗതന്‍ കോര്‍പ്പറേഷന്‍ ഓഫീസിലെത്തി സത്യപ്രതിജ്ഞ ചെയ്ത് 11.30ന് ഓഫീസ് വിടണമെന്ന് ജാമ്യോപാധിയായി ഉള്‍പ്പെടുത്തി. 

 

സത്യപ്രതിജ്ഞ ചെയ്യുകയല്ലാതെ കൗണ്‍സില്‍ യോഗം ഉള്‍പ്പടെ മറ്റൊരു ചടങ്ങിലും പങ്കെടുക്കാനുമാവില്ല. പക്ഷെ ഇതൊക്കെ നടക്കണമെങ്കില്‍ ഇനി ഒരു കടമ്പ കൂടിയുണ്ട്. കാപ്പാ പരിഗണിക്കുന്ന ഹൈക്കോടതിയും ഇതേദിവസം ഇടക്കാല ഇളവ് അനുവദിക്കണം. ഹൈക്കോടതി അനുവദിച്ചില്ലങ്കില്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാകും. അതിനാല്‍ തിങ്കളാഴ്ചക്കുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് ഇളവ് നേടാനാണ് ശ്രമം. ഇളവ് കിട്ടി സത്യപ്രതിജ്ഞ ചെയ്യാനായാല്‍ അതുവഴിയുള്ള അയോഗ്യതാ ഭീഷണി മറികടക്കാം. പക്ഷെ തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന അയോഗ്യതാഭീഷണി തുടരും.

 

ENGLISH SUMMARY:

R. Sugathan interim bail has been granted for BJP councillor R. Sugathan to take his oath of office. This interim bail allows him to participate in the swearing-in ceremony despite facing charges in an attempt to murder case.