കസേര തെറിക്കുമെന്ന ചര്‍ച്ചയ്ക്കിടെ ബവ്കോ എം.ഡി പദവിയില്‍ നിന്നും മാറ്റരുതെന്ന് എക്സൈസ് മന്ത്രിയോട് അഭ്യർഥിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. തന്റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം വരെ സാവകാശം അനുവദിക്കണമെന്നും മാനുഷിക പരിഗണന നൽകണമെന്നുമാണ് ആവശ്യം. കളങ്കിത ഉദ്യോഗസ്ഥനെ ബവ്കോ സി.എം.ഡി സ്ഥാനത്ത് നിന്നും നീക്കാൻ മന്ത്രി എം.ലിജു രണ്ട് വട്ടം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിരുന്നില്ല.
യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയാല്‍ ആദ്യം തെറിക്കുന്ന കസേര. ഇളക്കി പ്രതിഷ്ഠയ്ക്കപ്പുറം പുറത്ത് നിൽക്കേണ്ടി വരും. പ്രതിപക്ഷത്തിരുന്ന സമയം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പറഞ്ഞ് നടന്നത് എം.ആര്‍ അജിത് കുമാറിനെതിരായ അതിവേഗ നടപടിയെക്കുറിച്ചായിരുന്നു. ചര്‍ച്ച പോലെ അത്ര എളുപ്പല്ല കാര്യങ്ങൾ. സർക്കാർ അധികാരത്തിലേറി രണ്ട് മാസത്തിനോട് അടുക്കുന്നു. ഇടതുപക്ഷക്കാരെ മാറ്റി പ്രധാന സീറ്റുകളില്‍ സര്‍ക്കാര്‍ അനുകൂലികളെ പ്രതിഷ്ഠിച്ചു. ആദ്യം തെറിക്കുമെന്ന് കരുതിയിരുന്നയാൾ മുന്‍ സർക്കാർ നൽകിയ അതേ പദവിയിൽ തുടരുന്നു. തന്റെ വകുപ്പിന് കീഴിൽ സുതാര്യമായ ഇടപെടൽ ഉറപ്പിക്കാൻ വിശ്വാസ യോഗ്യനായ ഉദ്യാഗസ്ഥനെ നൽകണമെന്ന് വകുപ്പ് മന്ത്രി തന്നെ രണ്ട് തവണ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട സാഹചര്യം നിലനിൽക്കുമ്പോഴും.
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ പ്രതിയായ രക്ഷാ പ്രവർത്തന കേസിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിച്ചെന്ന മൊഴി ഉൾപ്പെടെ തല്‍ക്കാലം സര്‍ക്കാര്‍ മറന്നേക്കും. എ.ഡിജിപി പദത്തിൽ നിന്നും ഡി.ജി.പിയായി ഉയരാൻ രണ്ട് മാസം മാത്രം ബാക്കി. നിരവധി ആക്ഷേപങ്ങളും അന്വേഷണവും തുടരുമ്പോഴും യാതൊരു പോറലുമേല്‍ക്കാതെ പിടിച്ചുനിന്ന അജിത് കുമാറിന് നിലവിലെ കസേരയിൽ ഇളക്കം തട്ടാതെ തുടർന്നേ മതിയാവൂ. അതിനാണ് മാനുഷിക പരിഗണനയും സഹായ അഭ്യർഥനയും.