കണ്ണൂര്‍ ചെറുപുഴയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറി വീണ്ടും തുറക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍. ക്വാറി ജലമലിനീകരണം ഉള്‍പ്പെടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് കാരണം. വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ സമരസമിതി ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്നു.
ചെറുപുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മേലുത്താന്നിയിലാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്ന കരിങ്കല്‍ ക്വാറി. ചെറുപുഴ ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പോവുകയാണെന്ന് സൂചന ലഭിച്ചതു മുതല്‍ തടയാന്‍ തുനിഞ്ഞുനില്‍ക്കുകയാണ് നാട് മുഴുവന്‍. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ക്വാറിക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നത്. ഇത് വീണ്ടും തുറന്നാല്‍ മലിനജലം തിരുമേനിപ്പുഴയിലേക്കും കൈത്തോടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്തുമെന്ന് സമരസമിതി.
അനുമതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ സമരസമിതി കക്ഷി ചേര്‍ന്നതോടെ നാട്ടുകാരെ കേള്‍ക്കാന്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ ആശങ്കയും പ്രതിഷേധവും നേരിട്ടറിഞ്ഞ സംഘം നാടിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുമെന്ന പ്രതീക്ഷയിലാണെല്ലാവരും. ജനജീവിതം ദുസ്സഹമാകുന്ന ക്വാറിക്ക് അനുമതി നല്‍കിയാല്‍ എന്തുവില കൊടുത്തും ചെറുക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.