ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ മൂല്യനിര്‍ണയ ക്രമക്കേടിന്‍റെ അന്വേഷണത്തെ ചൊല്ലി പി.എസ്.സി യോഗത്തില്‍ ചെയര്‍മാനെതിരെ രൂക്ഷവിമര്‍ശനം. ഇടതുപക്ഷ അനുഭാവമുള്ള അംഗങ്ങളാണ് ചെയര്‍മാന്‍ പി.എസ്.സിയുടെ വിശ്വാസ്യത കളഞ്ഞുവെന്ന് യോഗത്തില്‍ കടന്നാക്രമിച്ചത്. യോഗത്തില്‍ ഒറ്റപ്പെട്ടതോടെ അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ്.പിക്ക് വിടാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ കമ്മീഷനെ കബളിപ്പിച്ചുവെന്നും ചെയര്‍മാന്‍റെ നടപടി പി.എസ്.സിയെ സംശയനിഴലിലാക്കിയെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ മൂല്യനിര്‍ണയ പാളിച്ച ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചത്.
എന്നാല്‍ സോഫ്റ്റ് വെയറിലെ പാളിച്ച ആഭ്യന്തര വിജിലന്‍സ് കണ്ടെത്തിയതോടെ അന്വേഷണം അട്ടിമറിച്ച് പരീക്ഷ കണ്‍ട്രോളറെ ചെയര്‍മാന്‍ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇന്നത്തെ പിഎസ് സി യോഗത്തില്‍ ചെയര്‍മാനെതിരെ കടന്നാക്രമണമുണ്ടായത്
അതേസമയം, പി എസ് സി പരീക്ഷ ക്രമക്കേടുകളില്‍ ചെയര്‍മാന്‍ രാജിവെയ്ക്കണെന്ന് ആവശ്യപ്പെട്ട് പിഎസ് സി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം . പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചു. നാലു തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പി.എസ് സി ഓഫീസിന് മുന്‍പില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു നീക്കുമ്പോഴും സംഘര്‍ഷമുണ്ടായി