മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട . ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത് എന്നും തൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും യൂട്യൂബർ ധന്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ വൻ ട്രോളുകളാണ് ധന്യക്കെതിരെ ഉയർന്നിരുന്നത്.
കഴിഞ്ഞദിവസമായിരുന്നു കാസർകോട് കുമ്പള പോലീസ് ഹെലൻ ഓഫ് സ്പാർട്ടാ എന്ന ധന്യയെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടി പെറ്റി അടിച്ചത്. അപകടകരമായ രീതിയിൽ ദേശീയപാതയ്ക്ക് നടുവിൽ നിർത്തിയിട്ട വാഹനം പരിശോധിച്ചപ്പോഴാണ് ധന്യ പിടിയിലായത്. കാർ നിർത്താതെ പോവുകയും പോലീസ് പിന്തുടർന്ന് പിടികൂടുകയും ആയിരുന്നു. പരിശോധനയിൽ 100 മില്ലി ലിറ്റർ ശ്വാസവായുവിൽ 82 മില്ലിഗ്രാം ആൽക്കഹോൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിലാണ് വിശദീകരണവുമായി ഹെലൻ ഓഫ് സ്പാർട്ട തന്നെ രംഗത്തുവന്നത്.
വീഡിയോ മറ്റുള്ളവർ എടുക്കേണ്ട എന്ന് കരുതിയാണ് പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതിരുന്നതെന്നും സാമൂഹ്യ മാധ്യമ പോസ്റ്റിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ വിശദീകരിച്ചു. സാമൂഹ്യ മാധ്യമ താരമായ ഹെലൻ ഓഫ് സ്പാർട്ടക്കെതിരായ പൊലീസ് നടപടി വാർത്തയായതോടെ സാമൂഹ്യ മാധ്യമത്തിലെ എതിരാളികൾ ഉൾപ്പെടെ നിരവധിപേർ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഒരു സാധാരണ പെറ്റി കേസ് വാർത്തയാക്കിയതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും ധന്യ പറയുന്നു