വികസനം നാടിനെ പുരോഗതിയിലേക്കു നയിക്കുമെന്നതാണ് പൊതുതത്വം. എന്നാല്‍ വികസനം വന്നപ്പോള്‍ ഒരു നാടു തന്നെ ഇല്ലാതായ കഥയാണ് കൊല്ലം പൊന്‍മനയ്ക്ക് പറയാനുള്ളത്. ഖനനത്തിനായി സ്ഥലം ഏറ്റെടുത്തു തുടങ്ങിയപ്പോള്‍ ജീവിക്കാന്‍ വയ്യാതെ എല്ലാവരും പിറന്നനാടു വിട്ടുപോയി. ഇനി ഈ നാട്ടില്‍ അവശേഷിക്കുന്നത് വെറും മൂന്നു കുടുംബങ്ങള്‍ മാത്രമാണ്.
കായലും, കടലും , ആരാധാനലയങ്ങളും , ഇഴചേര്‍ന്ന ഭൂപ്രകൃതിയില്‍ ആയിരത്തി പതിനാറ് കുടുംബങ്ങള്‍ ജീവിതം കരുപിടുപ്പിച്ച നാടായിരുന്നു പൊന്‍മന. ഓരോപിടി മണ്ണിലും പണകിലുക്കമായിരുന്നെങ്കിലും ആ നാട്ടുകാരുടെ ഉപജീവനമാര്‍ഗം അതായിരുന്നില്ല. എന്നാല്‍ പൊതുമേഖലാസ്ഥാപനങ്ങളായ ഐ.ആര്‍.ഇ യും കെ.എം.എം.എല്ലും കരിമണല്‍ ഖനനം ആരംഭിച്ചപ്പോള്‍ കിട്ടിയ നഷ്ടപരിഹാര തുകയും വാങ്ങി ഓരോര്‍ത്തരായി നാടുവിട്ടു. ഓരോര്‍ത്തരായി നാടു വിട്ട് ഒടുവില്‍ മൂന്നു കുടുംബം മാത്രമായി ചുരുങ്ങി. എല്ലാത്തിനും സാക്ഷിയായി ആരാധനാലയം മാത്രം ഇപ്പോഴും അവിടുണ്ട്.
നാടുമായുള്ള വൈകാരിക ബന്ധമാണ് ഇപ്പോഴും നാടുവിട്ടു പോകാത്തവര്‍ പ്രകടിപ്പിക്കുന്നത്. ഒരു കാലത്ത് നാട്ടുകാര്‍ ഈ നാട്ടിന്‍റെ സജീവതയായിരുന്നെങ്കില്‍ ഇപ്പോഴത് മണ്ണുവാരി യന്ത്രങ്ങള്‍ക്ക് വഴിമാറി. നോക്കാത്താ ദൂരത്തുള്ള ഭൂമിയില്‍ ഇടവിട്ട് ഇടവിട്ട് കരിമണല്‍ കൂനകളും കാണാം.