mercy

TOPICS COVERED

മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ മകന്‍റെ നിയമനത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജില്ലാ പഞ്ചായത്തംഗത്തിന്‍റെ പരാതി. മെഗാപദ്ധതികളുടെ ഏകോപനത്തിനായുള്ള ഡിഡിസി ഓഫിസിലെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായുള്ള അരുണിന്‍റെ നിയമനത്തിലാണ് വിവാദം. എന്നാല്‍ പൂര്‍ണമെറിറ്റില്‍ കിട്ടിയ ജോലിയെ വിവാദമാക്കുന്നത് അസംബന്ധമാണെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.

ജില്ലകളിലെ മെഗാപദ്ധതികളുടെ ഏകോപനത്തിനായാണ് ജില്ലാ വികസന കമ്മിഷണറുടെ തസ്തിക സൃഷ്ടിച്ചത്. ഐ.എ.എസ് കേഡറിലുള്ള ഉദ്യോഗസ്ഥര്‍ വഹിച്ച പദവിയെ സഹായിക്കാനായാണ് ജൂനിയര്‍ റിസോഴ്സ് പേഴ്സണ്‍മാരെ നിയമിച്ചത്. 2023 ല്‍ നടന്ന നിയമനത്തില്‍ ആലപ്പുഴ  ജില്ലയില്‍ ഈ പദവിയിലേക്ക് വന്നത് മുന്‍ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ മകനായ ടി.എം.അരുണാണ്. കൊല്ലത്തെ സമാന തസ്തികയില്‍ ജോലി ചെയ്തയാള്‍ മരിച്ചതിനെ തുടര്‍ന്നു  അരുണിന്‍റെ നിര്‍ദേശ പ്രകാരം കൊല്ലത്തേക്ക് മാറ്റി നിയമനം നല്‍കുകയും ചെയ്തു. 

പിന്നീട് ഡിഡിസി  തസ്തിക സബ്കലക്ടര്‍മാര്‍ക്ക് കൈമാറി. ഒരു ലക്ഷം രൂപയിലേറെ ശമ്പളമുള്ള തസ്തികയിലെ നിയമനത്തില്‍ അന്വേഷണം വേണമെന്നാണ് ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ കുളപ്പാടം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നേരത്തെ കിറ്റ്കോയില്‍ ജോലിചെയ്ത എം.ടെക് കാരനായ മകന്‍റെ നിയമനം വിവാദമാക്കുന്നത് ശുദ്ധ അസംബദ്ധമാണെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. ഒ.എം.ആര്‍ ടെസ്റ്റുമുതല്‍ പ്രോജക്ട് സമര്‍പ്പണം വരെയുള്ള നിയമന പ്രക്രിയയില്‍ പൂര്‍ണമെറിറ്റിലാണ് മകന്‍ എത്തിയത്. ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെ ബംഗ്ലൂരൂവിലുള്ള മേഴ്സിക്കുട്ടിയമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

The appointment of J Mercykutty Amma's son to a government position is facing scrutiny, with a district panchayat member demanding an investigation. The former minister defends the appointment, stating it was based on merit.