mattannur-accident

പിറന്നാള്‍ ദിനത്തില്‍ അച്ഛനൊപ്പം അമ്പലത്തില്‍ പോയതായിരുന്നു വൈഷ്ണവ്. വിധി ബസ് അപകടത്തിന്‍റെ രൂപത്തില്‍ ജന്മദിനത്തില്‍ തന്നെ ജീവന്‍ കവര്‍ന്നെടുത്തു. മട്ടന്നൂര്‍ കൊളാരി സ്വദേശി വൈഷ്ണവും അച്ഛന്‍ വിനോദുമാണ് മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ബസ് റോഡരികില്‍ ബൈക്കുമായി നിന്ന ഇവരിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഏറെ നേരം ബസിനടിയില്‍ ഇരുവരും കുടുങ്ങിക്കിടന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. 

അമിതവേഗത്തിലാണ് ഇരിട്ടി ഭാഗത്തുനിന്നെത്തിയ ബസ് സഞ്ചരിച്ചത്. മഴ നനഞ്ഞ റോഡില്‍ നിയന്ത്രണം കിട്ടാതെ വലതുവശത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. മറ്റൊരു സ്കൂട്ടറിലും ബസിന്‍റെ പിന്‍വശം ഇടിച്ചു. ഇവര്‍ക്ക് നിസാര പരുക്കുണ്ട്. അതുവഴി വന്ന കാര്‍ തലനാരിഴയ്ക്കാണ് കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അപകടത്തിന്‍റെ വ്യാപ്തി കൂടുമായിരുന്നു. ബസ് ജീവനക്കാര്‍ക്ക് നേരെ ജനരോഷം അണപൊട്ടി. നാട്ടുകാര്‍ ജീവനക്കാരെ തടഞ്ഞുവെച്ചു. പിന്നീട് മൈസൂര്‍ പാതയും നാട്ടുകാര്‍ ബ്ലോക്ക് ചെയ്തു. പിന്നീട് പൊലീസ് നാട്ടുകാരെ അനുനയിപ്പിച്ച് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

ENGLISH SUMMARY:

A tragic bus accident claimed the lives of Vaishnav and his father Vinod on Vaishnav's birthday. The speeding bus lost control on a wet road, hitting the father-son duo who were standing by their bike.