ശബരിമല സ്വർണ്ണ കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനും ഭരണസമിതിക്കുമെതിരെ എസ്ഐടി പുതിയ കേസെടുക്കും. നിലവിലുള്ള കേസിന്റെ ഭാഗമല്ലാതെ പുതിയ എഫ്.ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. എഫ്ഐആർ ഇന്നോ നാളെയോ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. ഇതിന് പിന്നാലെ പ്രശാന്ത് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കും.
വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ആയിരിക്കും ആദ്യം ചുമത്തുക. 2025ലും സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് വഴി സ്വർണ്ണം അപഹരിക്കുകയോ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയോ ചെയ്തതായി കണ്ടാൽ അറസ്റ്റിലേക്ക് കടക്കും. അങ്ങനെയെങ്കിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവർ, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടിവരും. അതിനാൽ ഇനിയുള്ള ചോദ്യം ചെയ്യൽ അതീവ നിർണായകമാണ്
Also Read: ശബരിമല സ്വര്‍ണക്കൊള്ള; പി.എസ്.പ്രശാന്തും പ്രതി; സ്വര്‍ണപ്പാളി കൊണ്ടുപോകുന്നതിന് ഒത്താശ ചെയ്തു
2019ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാൻ ഗൂഢാലോചന നടത്തിയതിൽ പ്രശാന്തടക്കം ഏഴ് പേരുടെ പങ്ക് വ്യക്തമെന്ന് എസ്.ഐ.ടി കണ്ടെത്തി. 2019ൽ കട്ടിളപ്പാളികളിലെ സ്വർണ്ണം കവർന്ന കേസിന്റെ അന്വേഷണം പൂർത്തിയായതായും എസ്.ഐ.ടി അറിയിച്ചു.
2019-ൽ സ്വർണപ്പാളികളിലെ സ്വർണം കവർന്നത് പുറത്തുവരാതിരിക്കാനാണ് 2023-ൽ വീണ്ടും ഈ പാളികൾ സ്വർണപ്പൂശലിന്റെ പേരിൽ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ഇതിൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അഡ്വ. എ. അജികുമാർ, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മിഷണർ രജിലാൽ എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്.
ഇവർ ചേർന്ന് ആസൂത്രിത ക്രിമിനൽ ഗൂഢാലോചന നടത്തി വിശ്വാസവഞ്ചന, സ്വത്ത് അപഹരണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തു. 2019 ൽ നടത്തിയ നിലവാരം കുറഞ്ഞ സ്വർണം പൂശലിന് 40 വർഷത്തെ ഗ്യാരണ്ടിയുണ്ടെന്ന് വ്യാജ രേഖയുണ്ടാക്കി. ഇത് പൊളിയാതിരിക്കാൻ ആണ് 2025 സ്വർണ്ണപ്പാളികൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ദേവസ്വം മാന്വലിലെയും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഈ തീരുമാനങ്ങൾ എടുത്തത്. ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ളവർ തന്നെ സ്വർണക്കൊള്ള മറച്ചുവയ്ക്കാൻ പ്രവർത്തിച്ചുവെന്നും എസ്.ഐ.ടി റിപ്പോർട്ട് നൽകി.
ഇവർക്കെതിരെ BNSS പ്രകാരം കേസെടുക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. തന്ത്രി മഹേഷ് മോഹനരടക്കം എട്ടുപേരുടെ പങ്കുകൂടി അന്വേഷിക്കുന്നതായും എസ്.ഐ.ടി അറിയിച്ചു. ഈ വിഷയങ്ങളിൽ പുതിയ കേസ് റജിസ്റ്റർ ചെയ്യണമോ, നിലവിലെ കേസിൽ കൂടുതൽ റിപ്പോർട്ട് സമർപ്പിക്കണമോ എന്ന കാര്യം അന്വേഷണ പുരോഗതിക്കനുസരിച്ച് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
2019 ലെ കട്ടിളപ്പാളി കേസിൽ അന്വേഷണം പൂർത്തിയായതായി എസ്ഐടി അറിയിച്ചു. ദ്വാരപാലക ശില്പ പാളികളുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലാണ്. സാമ്പിളുകൾ ജംഷഡ്‌പൂരിലെ ലാബിലേക്കും, വി.എസ്.എസ്.സിയിലേക്കും പരിശോധനയ്ക്ക് അയച്ചതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും SIT വ്യക്തമാക്കി. അന്വേഷണം വിട്ടുവീഴ്ച കൂടാതെ സമഗ്രമായി പൂർത്തിയാക്കണമെന്ന് നിർദേശിച്ച കോടതി, കേസ് ജൂലൈ 20ന് പരിഗണിക്കാൻ മാറ്റി