കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസ് പ്രാസിക്യൂഷന്‍ അനുമതി ഉത്തരവിലെ പിഴവില്‍ കോടതിയില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് വകുപ്പ് സെക്രട്ടറി കെ.ബിജു. ഹൈക്കോടതിയോട് അങ്ങേയറ്റം ബഹുമാനമെന്ന് സത്യവാങ്മൂലം. കോടതി ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന ബോധ്യമുണ്ടെന്നും ഉത്തരവില്‍ ഉപയോഗിച്ച വാക്കുകള്‍ അനുചിതമായി പോയെന്നും മാപ്പ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. പിഴവുകള്‍ക്ക് നിരുപാധികം ക്ഷമ ചോദിക്കുന്നെന്നും ബിജു .
എന്നാല്‍ ബിജുവിന്റെ മാപ്പപേക്ഷ കോടതി തള്ളി. ഇതാണോ നിരുപാധിക മാപ്പപേക്ഷ? കോടതിയോട് ഏറ്റുമുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാവില്ല. മാപ്പപേക്ഷ മാത്രമല്ല. പുതിയ സത്യവാങ്മൂലം നല്‍കുകയാണ് വേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പുതുക്കിയ പ്രോസിക്യൂഷൻ അനുമതി ഉത്തരവു സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഈമാസം 2ന് ഇറക്കിയ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കിക്കൊണ്ടുള്ള പുതിയ ഉത്തരവിൽ, സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശത്തെ ഇതു ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, സുപ്രീംകോടതിയിൽ സർക്കാർ അപ്പീലിനു സാധ്യതയേറി.
പ്രതികളായ, കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാൻ ആർ.ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ, കോടതിയുടെ കർശന നിലപാടിനെ തുടർന്നാണു സർക്കാർ ഉത്തരവിറക്കിയത്. വിഷയം പുനഃപരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ജൂലൈ 6 ലെ പുതുക്കിയ ഉത്തരവിൽ പറയുന്നു. സിബിഐക്കും പ്രതികൾക്കും ഉൾപ്പെടെ ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ, പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ജൂലൈ 2നു പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതിയെ അപഹസിക്കുന്നതാണെന്നും കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ കടകംപള്ളി മനോജ് ഉപഹർജി നൽകി. ഹൈക്കോടതി വിചാരണക്കോടതിയെ പോലെ പ്രവർത്തിച്ചെന്നും ഉത്തരവു നടപ്പാക്കാൻ സർക്കാർ നിർബന്ധിതമായെന്നും മറ്റും ആദ്യ ഉത്തരവിൽ പറഞ്ഞിരുന്നു. പ്രതികളെ സഹായിക്കുന്ന നിലപാടാണിതെന്ന് ആരോപിച്ചാണ് ഉപഹർജി. അഡ്വക്കറ്റ് ജനറൽ ഈ ഉത്തരവ് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഉത്തരവിൽ കൃത്യത വരുത്താനുണ്ടെന്നു പറഞ്ഞ് കോടതിയിൽ സാവകാശം തേടുകയായിരുന്നു. എന്നാൽ അതേദിവസം ആർ. ചന്ദ്രശേഖരൻ പത്രസമ്മേളനം നടത്തി ഉത്തരവു പുറത്തുവിട്ടതോടെ അതിലെ പരാമർശങ്ങൾ വിവാദമായി. പ്രോസിക്യൂഷൻ അനുമതി വിഷയത്തിലുള്ള കോടതിയലക്ഷ്യ ഹർജിയും സർക്കാരിന്റെ പുതുക്കിയ ഉത്തരവും പരാതിക്കാരന്റെ ഉപഹർജിയും കോടതി ഇന്നു പരിഗണിക്കും.
80 കോടിയുടെ ക്രമക്കേട്
കശുവണ്ടി വികസന കോർപറേഷൻ 2005-2015 കാലഘട്ടത്തിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 80 കോടി രൂപയുടെ ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണു കേസ്. അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷിച്ച കേസിൽ മുൻ എംഡി രതീഷ്, കോർപറേഷൻ മുൻ ചെയർമാൻമാരായ ഇ.കാസിം, ആർ ചന്ദ്രശേഖരൻ, തോട്ടണ്ടി വിതരണ കമ്പനിയായ കോട്ടയം കുറുപ്പന്തറയിലെ ജെഎംജെ കാഷ്യു കമ്പനി ഉടമ ജെയ്മോൻ ജോസഫ് എന്നിവരായിരുന്നു പ്രതികൾ. കാസിം 2018 ജൂൺ 9നു മരിച്ചു. ഇതോടെ ചന്ദ്രശേഖരൻ രണ്ടാം പ്രതിയായി. സർക്കാർ നിയോഗിച്ച രതീഷിനെയും ചന്ദ്രശേഖരനെയും വിചാരണ ചെയ്യാനാണ് പ്രോസിക്യൂഷൻ അനുമതി. ജെയ്മോൻ ജോസഫിനെ വിചാരണ ചെയ്യാൻ സർക്കാർ അനുമതിയുടെ ആവശ്യമില്ല.