സംസ്ഥാനത്ത് രാത്രികാലത്തെ വൈദ്യുതി നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരും. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ കുറവും കൂടിയ വില നൽകിയാലും വൈദ്യുതി കിട്ടാത്തതും പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി. കഴിഞ്ഞദിവസത്തെ 86.92 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാനായത് 17.32 ദശലക്ഷം യൂണിറ്റ് മാത്രം. ശരാശരി 4500 മെഗാവാട്ടാണ് രാത്രിയിലെ ഉപഭോഗം. ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുടെ തല്‍സമയം സംപ്രേഷണവും കാരണമാണ്. 

 

രാത്രിയിൽ മിന്നായം പോലെ വൈദ്യുതി വിളക്കുകള്‍ കണ്ണടയ്ക്കും. പിന്നീട് കണ്ണ് തുറക്കാൻ 15 മിനിറ്റിലേറെ വേണ്ടി വരും. പവർകട്ടെന്ന് പറയരുത്. വൈദ്യുതി വകുപ്പിന്റെ ഭാഷയിൽ നേരിയ നിയന്ത്രണം മാത്രം. ജൂണ്‍ മുപ്പത് വരെ അതായത് ഇന്ന് വരെയുള്ള നിയന്ത്രണമെന്നാണ് ആദ്യ അറിയിപ്പെങ്കിലും ഇനിയെന്ന് വരെ നീളുമെന്ന് വ്യക്തതയില്ല. രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം തുടരും. ദേശീയ തലത്തില്‍ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവ് കാരണം കൂടുതൽ വില നൽകിയാലും വൈദ്യുതി കിട്ടാനില്ല. കേന്ദ്ര വിഹിതത്തിലും കാര്യമായ കുറവുണ്ടായി. 

 

ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റ് വരെ ഉയർന്നിട്ടും നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കുന്നത് വെറും 17.32 ദശലക്ഷം യൂണിറ്റ്. ഉപഭോഗത്തിന്റെ 19.9 ശതമാനം മാത്രം. അധികമായി വേണ്ടിവരുന്ന വൈദ്യുതി കൂടിയ വില നൽകി വാങ്ങണം. അല്ലെങ്കിൽ കേന്ദ്ര വിഹിതമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കണം. ഇത് രണ്ടും മുടങ്ങി. ശരാശരി 4500 മെഗാവാട്ടാണ് രാത്രിയിലെ ഉപഭോഗം. മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർധനയെന്ന് പറയുമ്പോൾ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുടെ തല്‍സമയം സംപ്രേഷണവും കാരണമാണ്. കാലവർഷം കനക്കാത്തതിനാൽ കഴിഞ്ഞവർഷം 58.58 ശതമാനം വെള്ളമുണ്ടായിരുന്ന കെ എസ് ഇബിയുടെ ഡാമുകളിൽ നിലവിലുള്ളത് 20.89 ശതമാനം മാത്രം. മഴയൊഴിയുന്ന മാസവും കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങാൻ ഇടയാവുമെന്ന് ചുരുക്കം. 

 

അന്തരീക്ഷത്തിൽ താപനില കൂട്ടുന്ന എൽനിനോ പ്രതിഭാസം മാറണം. നല്ല മഴ കിട്ടണം. അങ്ങനെയെങ്കിൽ മാത്രമേ നിലവിലെ സ്ഥിതിയിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കാനാവൂ എന്ന് കെ. എസ്ഇബിയുടെ മുന്നറിയിപ്പ്. കട്ടല്ലല്ലോ നിയന്ത്രണം മാത്രമല്ലേ എന്ന് കരുതി ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം.

ENGLISH SUMMARY:

KSEB power cuts continue throughout the night due to a severe electricity shortage in the state. The ongoing crisis is attributed to reduced availability from the central pool and inability to purchase electricity even at higher prices, exacerbated by increased consumption during World Cup football matches.