ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ULCCS) ചട്ടങ്ങൾ ലംഘിച്ച് വഴിവിട്ട രീതിയിൽ കരാറുകൾ നൽകുകയോ, ക്രമവിരുദ്ധമായി കരാർ തുക വർദ്ധിപ്പിച്ചു നൽകുകയോ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കി. ഊരാളുങ്കലിന്റെ നിർമ്മാണ പ്രവൃത്തികൾ മികച്ച ഗുണനിലവാരമുള്ളതാണെന്നും അതുകൊണ്ടാണ് എല്ലാവരും അവരുടെ പിന്നാലെ പോകുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.

എന്നാൽ, എല്ലാ വൻകിട പദ്ധതികളും ഊരാളുങ്കലിലേക്ക് എത്തുന്നതുമൂലം അവർക്ക് കനത്ത ജോലിഭാരമുണ്ടെന്നും ഇത് സംസ്ഥാനത്തെ പല പ്രവൃത്തികളും മന്ദഗതിയിലാകാൻ കാരണമാകുന്നുണ്ടെന്നും മന്ത്രി സമ്മതിച്ചു. ഈ സാഹചര്യത്തിൽ സൊസൈറ്റിക്ക് ഒരേസമയം നൽകാവുന്ന പദ്ധതികളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നും ചോദ്യോത്തര വേളയിൽ മന്ത്രി വ്യക്തമാക്കി.

 വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരം ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിക്കുന്നതിന് നിലവിൽ നിയമപരമായ മുൻഗണനകളുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. മറ്റ് കരാറുകാർ ക്വോട്ട് ചെയ്ത തുകയേക്കാൾ 10% വരെയുള്ള കൂടിയ നിരക്കാണെങ്കിൽ പോലും സൊസൈറ്റിക്ക് കരാർ അനുവദിക്കാൻ വ്യവസ്ഥയുണ്ട്. സൊസൈറ്റികൾക്ക് മത്സര ടെൻഡറുകളിൽ പങ്കെടുക്കുമ്പോൾ ഇ.എം.ഡി (EMD), സെക്യൂരിറ്റി ഡിപ്പോസിറ്റ്, പെർഫോമൻസ് ഗ്യാരണ്ടി എന്നിവ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ സൊസൈറ്റിക്ക് ഏറ്റെടുക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടായിരുന്നു (25 കോടി, 50 കോടി, 500 കോടി എന്നിങ്ങനെ). എന്നാൽ 2022-ന് ശേഷം ഈ പരിധി പൂർണ്ണമായി ഒഴിവാക്കി അൺലിമിറ്റഡ് (Unlimited) ആക്കി മാറ്റി.

ഈ പ്രൈസ് ഡിഫറൻസ് (Price Difference) ആനുകൂല്യങ്ങൾ കാരണം മാത്രം കഴിഞ്ഞകാല പ്രവൃത്തികളിൽ നിന്ന് ഊരാളുങ്കലിന് 140 കോടിയോളം രൂപയുടെ ലാഭമുണ്ടായിട്ടുണ്ട്. മറ്റ് കരാറുകാരുമായി താരതമ്യം ചെയ്യുമ്പോൾ ഇത്രയും തുകയുടെ അധികബാധ്യത സർക്കാർ ഖജനാവാണ് സഹിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 165 പ്രവൃത്തികളിൽ റോഡ് വിഭാഗത്തിലെ 61 എണ്ണവും, കിഫ്ബിയുടെ (KIIFB) 46 പ്രവൃത്തികളും നിലവിൽ ഊരാളുങ്കലാണ് ചെയ്യുന്നത്. ഭൂരിഭാഗം പ്രവൃത്തികളും കോഴിക്കോട് ജില്ലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും കാസർകോട് മുതൽ പാലക്കാട് വരെ ഇവർക്ക് കരാറുകളുണ്ട്.

ഒരേസമയം എല്ലാ മേഖലകളിലെയും പ്രവൃത്തികൾ (ഫെൻസിങ് ഉൾപ്പെടെ) ഏറ്റെടുത്തതുമൂലം നിലവിൽ ഊരാളുങ്കലിന്റെ 40ഓളം പ്രവൃത്തികൾ വളരെ മന്ദഗതിയിലാണ്. ഇക്കാര്യത്തിൽ സൊസൈറ്റി ഭാരവാഹികളെ വിളിച്ച് വേഗത കൂട്ടാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് കരാറുകാർക്ക് പ്രീ-ക്വാളിഫിക്കേഷൻ നിബന്ധനകളിൽ ഇളവില്ലാത്തതിനാൽ പലപ്പോഴും അവർ ഡിസ്ക്വാളിഫൈഡ് ആകാറുണ്ട്. എന്നാൽ ഊരാളുങ്കലിന് നിബന്ധനകളിൽ ഇളവ് നൽകിയാണ് പരിഗണിക്കുന്നത്. ഈ അമിത സഹായവും ഒരേസമയം ഹോൾഡ് ചെയ്യാവുന്ന തുകയുടെ പരിധിയില്ലാത്തതും പരിശോധിക്കപ്പെടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

ഗുണനിലവാര പരിശോധന കർശനമായി പാലിച്ചാണ് ബില്ലുകൾ നൽകുന്നതെന്നും ക്വാളിറ്റി കൺട്രോൾ മാനുവൽ (Quality Control Manual), പി.ഡബ്ല്യു.ഡി മാനുവൽ എന്നിവ കൃത്യമായി അവലംബിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വന്തം എൻജിനീയർമാർ സൈറ്റിലുണ്ടെങ്കിലും മേൽനോട്ടം പൂർണ്ണമായും പൊതുമരാമത്ത് വകുപ്പിനാണ്. കരാർ പ്രകാരം സമയത്തിന് തീർക്കാത്തവർക്ക് ഫൈൻ ഈടാക്കി എക്സ്റ്റൻഷൻ നൽകുന്നതാണ് രീതി. എസ്റ്റിമേറ്റുകൾ ഊരാളുങ്കൽ തന്നെ തയ്യാറാക്കുന്നു എന്ന ആക്ഷേപത്തിലും, തദ്ദേശീയരായ തൊഴിലാളികൾക്ക് ജോലി നൽകുന്നില്ലെന്ന പരാതിയിലും വ്യക്തമായ അന്വേഷണം നടത്തുമെന്നും മന്ത്രി സഭയ്ക്ക് ഉറപ്പ് നൽകി.

ENGLISH SUMMARY:

Allegations surrounding the Uralungal Labour Contract Cooperative Society (ULCCS) and their government contracts. Public Works Department Minister P.K. Basheer stated that no irregularities in contract awards or unjustified increases in contract amounts have been observed for ULCCS.