പ്രതിപക്ഷ നേതാവിന്‍റെ യാത്ര വൈകിയതിൽ കേരളാ ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർക്ക് സസ്പെൻഷൻ. ആർ.ശ്രീകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രോട്ടോക്കോൾ വിഭാഗത്തിന്‍റെ വീഴ്ച കാരണം നാലുമണിക്കൂറിലേറെയാണ് പിണറായി വിജയൻ വിമാനത്താവളത്തിൽ കുടുങ്ങിയത്.
ഇൻഡിഗോ ജീവനക്കാരുമായും ഡൽഹി വിമാനത്താവള നടത്തിപ്പ് കമ്പനിയായ GMRമായും ആശയവിനിമയം നടത്തുന്നതിൽ പ്രോട്ടോകോൾ വിഭാഗത്തിന് പറ്റിയ വീഴ്ചയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ യാത്ര മണിക്കൂറുകൾ വൈകിപ്പിച്ചത്. കേരള ഹൗസ് അഡീഷണൽ റസിഡന്‍റ് കമ്മിഷണർ അശ്വതി ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന്‍റെ വീഴ്ച സ്ഥിരീകരിച്ചു.
പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.50നുള്ള ഡല്‍ഹി – കോഴിക്കോട് വിമാനത്തിലാണ് പ്രതിപക്ഷ നേതാവ് പോകേണ്ടിയിരുന്നത്. എന്നാല്‍ ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന്‍, വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വിവരമറിഞ്ഞത്. സമയത്ത് ഗേറ്റിൽ എത്താൻ കഴിയാഞ്ഞതോടെ,ആ വിമാനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല. വിഐപി പരിഗണ പ്രകാരം ലഭിക്കേണ്ട ബഗ്ഗിയും ഉറപ്പാക്കിയിരുന്നില്ല.
പിന്നീട്, മണിക്കൂറുകള്‍ വൈകി 7.15ന്‍റെ വിമാനത്തില്‍ പിണറായി വിജയൻ കണ്ണൂരിലേക്ക് പോവുകയായിരുന്നു.LDF സർക്കാരിന്‍റെ കാലത്ത് നിയമിച്ചതാണ് പ്രോട്ടോക്കോൾ ഓഫിസറെ.