ബജറ്റിനെ തുടർന്നുള്ള വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭ പരിഗണിക്കും. എക്സൈസ് വകുപ്പിന്റെ ധനാഭ്യർഥനയും ഇതിൽ ഉൾപ്പെടും. വീര്യം കുറഞ്ഞ മദ്യത്തിന് ഏർപ്പെടുത്തിയ നികുതിയും അതെ തുടർന്നുള്ള വിവാദങ്ങളും സഭയിൽ ഉയരാൻ വീണ്ടും അവസരം ഒരുങ്ങുകയാണ്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും സർക്കാരിനുo എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഭരണപക്ഷത്തും വിമർശങ്ങൾ ഉയരുകയാണ്.
എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച നികുതി മറ്റന്നാൾ അവതരിക്കുന്ന ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ചോദ്യോത്തര വേളയിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ പ്രവൃത്തികൾ, പി എം ശ്രീ എന്നിവ സഭയിൽ ഉന്നയിക്കപ്പെടും.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാന യാത്ര വൈകിയ സംഭവത്തിൽ ഇന്ന് നടപടിയെടുക്കും. ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസറെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കും. ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള പിണറായിയുടെ വിമാന യാത്ര വൈകിയതിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
ഇതോടെയാണ് അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചത്. കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയിൽ നടപടിയെടുക്കാൻ തീരുമാനിച്ചത്. പിബി യോഗം കഴിഞ്ഞ് മടങ്ങിയ പിണറായി വിജയൻ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ച കാരണം നാല് മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നിരുന്നു. കോഴിക്കോട് വിമാനം നഷ്ടമായതോടെ കണ്ണൂരിലേക്കാണ് അദ്ദേഹം പോയത്.