കെ.പി.സി.സിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പി പരിപാടി നടന്നതില്‍ വിവാദം. ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ രണ്ടുദിവസത്തെ ചിന്തന്‍ശിബിരത്തിനാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹാള്‍ വാടകയ്ക്ക് നല്‍കിയത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുന്‍ ഡി.ജി.പിയുമായ ആര്‍.ശ്രീലേഖയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കെ.പി.സി.സി അധ്യക്ഷന്‍ ചെയര്‍മാനായ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വകാര്യ ചടങ്ങുകള്‍ക്ക് വാടകയ്ക്ക് നല്‍കാറുണ്ടെങ്കിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കുന്ന പതിവില്ല. രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരിക്കെ നിര്‍മിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോടിക്കണക്കിന് രൂപയുടെ ബാധ്യത തീര്‍ത്തത് കെ.സുധാകരന്‍ അധ്യക്ഷനായിരുന്ന കാലത്താണ്.