സംസ്ഥാനത്തെ സ്ത്രീസുരക്ഷാ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൃത്യമായ മാനദണ്ഡങ്ങളില്ലാതെ പ്രഖ്യാപിച്ച പദ്ധതിയാണിതെന്നും ഏരിയ കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളും നൽകിയ പട്ടിക അനുസരിച്ചാണ് തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാൽ, അത്യാധുനിക ‘കെ-സ്മാർട്ട്’ (K-Smart) സംവിധാനം വഴി പൂർണ്ണമായും ഡിജിറ്റലായി സുതാര്യത ഉറപ്പാക്കിയ ഗുണഭോക്തൃ പട്ടികയെയാണ് മുഖ്യമന്ത്രി ആക്ഷേപിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാൽ നിലവിലെ ഗുണഭോക്തൃ പട്ടികയിൽ കനത്ത അതൃപ്തി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ധൃതിപിടിച്ചാണ് ഈ പദ്ധതി കൊണ്ടുവന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പെൻഷൻ നൽകിയതിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് കൃത്യമായ പരിശോധന നടത്താൻ ആവശ്യത്തിന് സമയം ലഭിച്ചില്ല.
സി.പി.എം ലോക്കൽ-ഏരിയ കമ്മിറ്റികൾ നൽകിയ പട്ടികകളിൽ നിന്ന് തോന്നിയതുപോലെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന രീതി അംഗീകരിക്കാൻ കഴിയില്ല. മാനദണ്ഡങ്ങൾ പാലിച്ച് കർശനമായ പുനഃപരിശോധന നടത്തിയതിന് ശേഷം മാത്രമേ ഇനി പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
16 ലക്ഷത്തോളം വരുന്ന അർഹരായ ഗുണഭോക്താക്കളുടെ പട്ടിക മുഖ്യമന്ത്രി തള്ളിക്കളയുന്നത് ദൗർഭാഗ്യകരമാണെന്ന് എ.സി. മൊയ്തീന്റെ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പ്രസംഗിച്ചു. 30-നും 60-നും ഇടയിൽ പ്രായമുള്ള, AAY അല്ലെങ്കിൽ PHH റേഷൻ കാർഡ് വിഭാഗത്തിൽപ്പെടുന്ന അർഹരായ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമാണ് ഇതിൽ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നത്. അർഹത പരിശോധിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. അപേക്ഷകരുടെ അർഹത പരിശോധിക്കാൻ കമ്പ്യൂട്ടറൈസ്ഡ് 'റൂൾ എഞ്ചിൻ' (Rule Engine) ആണ് ഉപയോഗിച്ചത്.
ആധാർ, പൊതുവിതരണ സംവിധാനം (റേഷൻ കാർഡ്), മരണ രജിസ്ട്രി എന്നിവയുമായി ഈ പ്ലാറ്റ്‌ഫോം ബന്ധിപ്പിച്ചിരിക്കുന്നു. അപേക്ഷകർ മറ്റ് ക്ഷേമ പെൻഷനുകളോ ബോർഡ് പെൻഷനുകളോ വാങ്ങുന്നുണ്ടോ എന്ന് 'സേവന പെൻഷൻ' പോർട്ടൽ വഴിയും, സർക്കാർ ജീവനക്കാരാണോ എന്ന് 'സ്പാർക്ക്' (SPARK), ട്രഷറി ഡാറ്റാബേസ് എന്നിവ വഴിയും കെ-സ്മാർട്ട് തനിയെ പരിശോധിച്ച് അർഹത ഉറപ്പാക്കിയിട്ടുണ്ട്. എ.സി മൊയ്തീന്‍ വ്യക്തമാക്കി.
സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരുടെ ആശ്വാസമായ പെൻഷൻ വിതരണം മുടക്കാൻ സർക്കാർ സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിവേഗത്തിൽ പല കോർപ്പറേറ്റ് തീരുമാനങ്ങളും എടുക്കുന്ന മുഖ്യമന്ത്രി സാധാരണക്കാരുടെ പെൻഷൻ കാര്യത്തിൽ മനഃപൂർവ്വം കാലതാമസം വരുത്തുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
പെൻഷൻ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചെങ്കിലും പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല. സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി പൂർണ്ണതോതിൽ തുടരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, അതുകൊണ്ട് സഭ ബഹിഷ്കരിക്കാതെ ഉള്ളിൽ നിന്ന് തന്നെ സമരം തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.