ചരിത്രപ്രസിദ്ധമായ ചമ്പകുളം മൂലം വള്ളംകളി ഇന്ന് നടക്കാനിരിക്കെ, കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കാത്തതിൽ കടുത്ത വിഷമമുണ്ടെന്ന് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ മനോരമ ന്യൂസിനോട് പറഞ്ഞു. നിയമസഭയിൽ അവധി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങൾ നിർഭാഗ്യകരമാണ്.
അവധി ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ അനുമതി കിട്ടാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നിയമസഭയിലെ ചോദ്യത്തിന് പിന്നാലെ മൂലം വള്ളംകളിക്ക് വലിയ വാർത്താ പ്രാധാന്യം ലഭിച്ചതായി എം.എൽ.എ ചൂണ്ടിക്കാട്ടി.
ഇത് കുട്ടനാടിന്റെ വലിയൊരു ചരിത്രമാണ്. ചെമ്പകശ്ശേരി പള്ളിയിൽ നിന്ന് ആചാരപ്രകാരം കയറും കൊടിയും ഏറ്റുവാങ്ങി നടത്തുന്ന നാനൂറിലധികം വർഷത്തെ പാരമ്പര്യമുള്ള വള്ളംകളിയാണിത്. ഇതിന്റെ ചരിത്രം പഠിച്ചാൽ കുട്ടനാടിന് മാത്രമല്ല, കേരളത്തിന് മൊത്തം അവധി നൽകേണ്ടി വരും. അടുത്ത വർഷം ശക്തമായി ആവശ്യപ്പെടും. ഈ വർഷം അവധി ലഭിച്ചില്ലെങ്കിലും വള്ളംകളിയെക്കുറിച്ച് സംസ്ഥാനം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അടുത്ത വർഷം ഇതിലും ശക്തമായി കുട്ടനാട്ടുകാർക്കായി പ്രാദേശിക അവധി ആവശ്യപ്പെടുമെന്നും അത് നൽകാൻ സർക്കാർ നിർബന്ധിതരാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വള്ളംകളിക്ക് അവധി ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ അനാവശ്യ വിവാദങ്ങളിലും തർക്കങ്ങളിലും തനിക്ക് വ്യക്തിപരമായി വലിയ വിഷമമുണ്ട്. ഒരു നല്ല കാര്യം ചെയ്യാൻ ഇറങ്ങുമ്പോൾ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത് സങ്കടകരമാണെന്നും റെജി ചെറിയാൻ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പമ്പയാറിന്റെ തീരങ്ങളിലേക്ക് വള്ളംകളി പ്രേമികളുടെ വൻ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം വെള്ളവും വള്ളവും ജീവിതത്തിന്റെ ഭാഗമായതിനാൽ അവധി പ്രഖ്യാപിക്കാത്തതൊന്നും അവരുടെ ആവേശത്തെ ബാധിക്കില്ലെന്ന് സംഘാടകർ വ്യക്തമാക്കുന്നു.