ആദ്യക്ഷരം ഏഴുതിയത് എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും.പത്തനംതിട്ട ഏഴംകുളത്ത് ആദ്യക്ഷരങ്ങള്‍ എഴുതിപ്പഠിച്ച പനയോല നിധിപോലെ സൂക്ഷിച്ചിരിക്കുന്ന ഒരാളുണ്ട്. 79 വയസുള്ള എസ്.ആര്‍ സി നായര്‍ ആണ് ഇന്നും ആ എഴുത്തോല സൂക്ഷിച്ചിരിക്കുന്നത്.മനസില്‍ പതിഞ്ഞ അക്ഷരങ്ങള്‍ പത്തിലധികം പുസ്തകങ്ങള്‍ ആയും പുറത്തിറങ്ങി.
എഴുപത്തിയഞ്ച് വര്‍ഷമായിട്ടും ഓലയിലെ എഴുത്തുകള്‍ മങ്ങിയിട്ടില്ല.. 1951 – 52 കാലത്താണ് ഓലയിലും മണലിലും എഴുതിപ്പഠിച്ചത്.ഓലയില്‍ നാരായം കൊണ്ടെഴുതിയത് ഇന്നും ഓര്‍മയിലുണ്ട്.പഠിച്ചു വളര്‍ന്നു ബിഎസ്എന്‍എല്‍ ജീവനക്കാരനായി. സബ് ഡിവിഷണല്‍ എന്‍ജിനീയറായി വിരമിച്ചിട്ടും കാലമേറെയായി.ആദ്യക്ഷരം കുറിച്ച എഴുത്തോല ഇന്നും കൂടെയുണ്ട് .
ഓലകളിലെ അക്ഷരങ്ങള്‍ വെളുത്ത കോറിയ വരകളാണ്.കരിയും അനച്ചകവും തിരുമ്മി ഉരസുമ്പോഴാണ് അക്ഷരങ്ങള്‍ കറുത്തു തെളിയുന്നത്.അത് മനസിലും പതിയും.ഈ കൂട്ടാണ് 75വര്‍ഷവും ഓലയെ സുരക്ഷിതമായി സംരക്ഷിക്കുന്നതും.
മനസില്‍ കയറിയ അക്ഷരങ്ങള്‍ പിന്നീട് പത്തോളം പുസ്തകങ്ങളായി പുറത്തിറങ്ങി.കേരളത്തിലെ പ്രമുഖ പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്.ഉറുമ്പ്,വാളമ്പും വില്ലും,പേരമരത്തിലെ മുള്ള് തുടങ്ങി നാല് നോവലുകള്‍,നീലനിറമുള്ള സൂര്യനും പന്ത്രണ്ട് പെണ്ണുങ്ങളും എന്ന അനുഭവക്കുറിപ്പ്.കവിതാ സമാഹാരങ്ങള്‍ ചെറുകഥകള്‍.ഇനിയും വരാനുണ്ട് പുസ്തകങ്ങള്‍.