പിറവത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോതമംഗലം എസ്.എച്ച്.ഒ കെ ആര്‍ പ്രശാന്ത് കുമാര്‍. കഴിയുന്ന സഹായമെല്ലാം ചെയ്ത് ആ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുളള ശ്രമമാണ് വിഫലമായതെന്ന് പ്രശാന്ത് കുമാര്‍ പറയുന്നു. വാടകവീട് റെഡിയാക്കി അവരെ നാലുപേരെയും മാറ്റാനിരിക്കുമ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നതെന്നും അത് മനസിന് വല്ലാത്ത വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.

കോതമംഗലം എസ്.എച്ച്.ഒ കെ ആര്‍ പ്രാശാന്ത് കുമാറിന്‍റെ വാക്കുകള്‍ ഇങ്ങനെ...'എറണാകുളം ജില്ലാ റൂറൽ പൊലീസ് മേധാവി വഴിയാണ് ഈ കുടുംബത്തെ കുറിച്ച് അറിയുന്നത്. അങ്ങനെ അവരെ കാണുകയും അവർക്ക് വേണ്ടുന്ന സഹായങ്ങളെല്ലാം ഞങ്ങൾ പൊലീസുകാർത്തന്നെ ഒരുക്കിക്കൊടുക്കുകയുമായിരുന്നു. വാടകവീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവന്ന അവര്‍ക്ക് താമസിക്കാന്‍ യാതൊരു സൗകര്യങ്ങളുമുണ്ടായിരുന്നില്ല. പീസ് വാലി എന്ന സ്ഥാപനത്തിൽ താമസിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവിടെ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ബിജിമോള്‍ക്ക് കാഴ്ചപരിമിതിയുളളതിനാല്‍ നാലുപേരെയും ലോഡ്ജില്‍ മുറിയെടുത്ത് അവിടേക്ക് മാറ്റുകയായിരുന്നു. ഭക്ഷണവും വസ്ത്രങ്ങളും എല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. കുറേ വീടുകള്‍ വാടകയ്ക്കായി അന്വേഷിച്ചു. ഒടുവില്‍ ഒരു വീട് അവര്‍ക്കുകൂടി ഇഷ്ടപ്പെട്ടത് കിട്ടി. അങ്ങനെ അവിടേക്ക് അവരെ മാറ്റാനിരിക്കുമ്പോഴാണ് മരണവിവരം അറിയുന്നത്' എസ്.എച്ച്.ഒ പറഞ്ഞു.

'പള്ളിയിൽ പോകാൻ എന്നുപറഞ്ഞാണ് കുടുംബം അവിടെ നിന്നിറങ്ങിയതായി അറിയുന്നത്. പുതിയ വീട്ടിലേക്കുളള അത്യാവശ്യസാധനങ്ങളുമായി പൊലീസുകാര്‍ ലോഡ്ജിലെത്തിയപ്പോഴാണ് അവര്‍ അവിടെ ഇല്ലെന്ന് അറിഞ്ഞത്. വൈകിട്ട് പൊലീസ് ഗ്രൂപ്പില്‍ പിറവത്തുനിന്നുള്ള സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം കണ്ട് വിളിച്ച് ചോദിച്ചപ്പോഴാണ് പുഴയില്‍ ചാടിയത് ഈ കുടുംബമാണെന്ന് ഞങ്ങള്‍ അറിയുന്നത്. മനസിന് ആകെ വല്ലാത്തൊരു വിഷമമായി പോയി. പാവങ്ങളായിരുന്നു അവര്‍' എസ്.എച്ച്.ഒ കെ ആര്‍ പ്രാശാന്ത് കുമാര്‍ പറഞ്ഞു. 

സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തിന്‍റെ കൂട്ടആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോതമംഗലം സ്വദേശിയായ വിജിമോളും ഭര്‍ത്താവ് നാരായണനും രണ്ടു മക്കളുമാണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. കാഴ്ചപരിമിതിയുള്ള വിജിമോളും നാരയണനും ബന്ധുക്കളുമായി അകന്നായിരുന്നു കഴിഞ്ഞിരുന്നത്. ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല എന്ന തോന്നലാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. വിജിയുടെയും മകന്‍റെയും മൃതദേഹങ്ങളാണ് ആദ്യം ലഭിച്ചത്. പിന്നീട് നാരായണന്‍റെയും മകള്‍ ഹന്നയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികളെ പുഴയില്‍ എറിഞ്ഞ ശേഷം മാതാപിതക്കള്‍ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമമനത്തിലാണ് പൊലീസ്. മറ്റെന്തിലും ദുരൂഹതയുണ്ടോ എന്നറിാന്‍  ഇവര്‍ പിറവത്ത് എത്തിയ ദിവസത്തെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍  പരിശോധിച്ച് അന്വേഷണം നടത്തുന്നുണ്ട്. 

ENGLISH SUMMARY:

The Kothamangalam SHO, K R Prashanth Kumar, expressed deep sorrow over the tragic family suicide in Piravom, highlighting the police's failed attempts to provide assistance. Despite efforts to secure housing and necessities, the family tragically took their own lives.