ഓണത്തിന് ഇന്ത്യയുടെ തനത് പാരമ്പര്യത്തെ അറിഞ്ഞ് ഷോപ്പിങ് നടത്താൻ നേരെ കൊച്ചിയിലേയ്ക്ക് വരൂ. രാജ്യത്തിൻറെ കരകൗശലപ്പെരുമയുടെ വിസ്‌മയവിരുന്നുമായി മനോരമ ഹോർത്തൂസ് ക്രാഫ്റ്റ്സ് ബസാറിന് തുടക്കമായി. നടി നമിത പ്രമോദ് ക്രാഫ്‌റ്റ്‌സ് ബസാർ ഉദ്ഘാടനം ചെയ്തു.
രാജകീയ പ്രൗഡിയും പരമ്പരാഗത തുകൽപ്പണിയും ഒരുമിക്കുന്ന ജോധ്പുരി ജൂത്തികൾ, മധുബനി ആർട്, പ്രകൃതിദത്ത നാരുകളിൽ ഒരുക്കിയ ബാഗുകൾ, ആധുനിക ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ, പൈതൃക നെയ്ത്തിൻറെ പ്രൗഡിയുളള സാരികൾ തുടങ്ങി അപൂർവമായ കരകൗശല, കൈത്തറി ഉൽപന്നങ്ങളാണ് ഹോർത്തൂസ് ക്രാഫ്റ്റ്സ് ബസാറിലുള്ളത്. കശ്മീർ മുതൽ കന്യാകുമാരി വരെയുളള കരവിരുതിൻ്റെ ആഘോഷവേദി. എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന 3 ദിവസത്തെ മേള നടി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു.
മലയാള മനോരമ മാനേജ്മെൻ്റ് പ്രതിനിധി ദിയ മാത്യു, ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി സണ്ണി തോമസ് ഇടിമണ്ണിക്കൽ, അമേറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി അമ്പിളി സണ്ണി എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള വസ്ത്രപാരമ്പര്യത്തിൽ നിന്ന് ക്യൂറേറ്റ് ചെയ്ത ഉൽപന്നങ്ങളുണ്ട്. തനത് കൈത്തറി വസ്ത്രങ്ങളുമായി പാരമ്പര്യ നെയ്ത്തുകൂട്ടായ്മകളും ഡിസൈനർ സംരംഭങ്ങളും നേരിട്ടെത്തുന്നു. ചേന്ദമംഗലം, ബാലരാമപുരം, കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങളും മേളയിലുണ്ട്. രാവിലെ 10 മുതൽ രാത്രി 8വരെയാണ് ക്രാഫ്റ്റ്സ് ബസാർ.