മലപ്പുറം പുളിക്കലില്‍ മാങ്ങ പറിക്കാന്‍ ടെറസിനു മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പുളിക്കൽ സിയാംകണ്ടം പാലശ്ശേരിപറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണു മരിച്ചത്. പുളിക്കൽ എഎംഎം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് മാസിന്‍.
മേയ് 31നായിരുന്നു മാസിന് അപകടം സംഭവിച്ചത്. മാങ്ങ പറിക്കാനായി ടെറസിനു മുകളില്‍ കയറിയ വിദ്യാര്‍ഥി കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. ഗേറ്റിനു മുകളിലേക്ക് വീണ കുട്ടിയുടെ കഴുത്തില്‍ കമ്പി തുളച്ചുകയറി. ഗേറ്റിന്റെ ഒരു ഭാഗം മുറിച്ചെടുത്താണ് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട്, അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കഴുത്തിൽ തറച്ച കമ്പിയുടെ മറ്റു ഭാഗങ്ങൾകൂടി നീക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. മാതാവ്: ജംഷിന എടമ്പാട്ട്. സഹോദരങ്ങൾ: മെഹബിൻ, മെഹന ഫാത്തിമ, മെഹ്ഫിൽ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2ന് സിയാംകണ്ടം പുത്തലം ജുമാ മസ്‌ജിദിൽ നടക്കും.