പെരുമ്പാവൂരിലെ പകല്‍ വെളിച്ചത്തിലെ ലഹരിയൊഴുക്ക് തടയാന്‍ ആഭ്യന്തരമന്ത്രി പെരുമ്പാവൂരില്‍ നേരിട്ടെത്തും. വെള്ളിയാഴാച പെരുമ്പാവൂരിലെത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശക്തമായ നടപടിയും അദ്ദേഹം ഉറപ്പ് നല്കി. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് സര്‍ക്കാറിന്റെ ഇടപെടല്‍. ഓപ്പറേഷന് തൂഫാന് ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ലഹരിയുടെ വരവ് നിയന്ത്രിക്കും ഇതിനായി മറ്റ് സംസ്ഥാനങ്ങളുടെ സഹായം തേടുമെന്നും ചെന്നിത്തല. മനോരമ ന്യൂസ് തൂഫാന് ലൈവത്തണിലായിരുന്നു പ്രതികരണം.
അതേസമയം, ഓപ്പറേഷന് തൂഫാനിലെ അടുത്ത നടപടികളുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരെ കാണുെമന്ന് ഡിജിപി റവാഡാ ചന്ദ്രശേഖര്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ഡിജിപിമാരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും. ലഹരിയുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. എംഡിഎംഎ എത്തുന്നത് ബെംഗളൂരുവില്‍ നിന്നും കഞ്ചാവെത്തുന്നത് ആന്ധ്രയില്‍ നിന്നെന്നും ഡിജിപി പറഞ്ഞു. ഓപ്പറേഷന് തൂഫാന് കിട്ടുന്നത് മികച്ച പിന്തുണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് ലൈവത്തണിലായിരുന്നു പ്രതികരണം.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായുള്ള പരിശോധനയ്ക്ക് ശേഷവും പെരുമ്പാവൂരിൽ ലഹരി ഉപയോഗവും കച്ചവടവും പട്ടാപ്പകല്‍ പരസ്യമായി നിര്‍ലോപം തുടരുന്നതായാണ് മനോരമ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിഥിത്തൊഴിലാളികളാണ് ലഹരിയുടെ കണ്ണികളില്‍ ഏറെയും. കഞ്ചാവു മുതല്‍ സിന്തറ്റിക് ലഹരിവരെ പെരുമ്പാവൂരില്‍ ഒഴുകുകയാണ്. മാത്രമല്ല, ലഹരിയുടെ തീവ്രത ശരീരത്തിൽ കുറയുന്നതിന് അനുസരിച്ച് വീണ്ടും സാധനം എത്തിച്ചു കൊടുക്കാൻ ആളുകൾ തയ്യാർ.
അതിഥി തൊഴിലാളികളിൽ തന്നെ ചെറിയ ഡീലർമാരുണ്ട്. കവറിൽ ലഹരി വസ്തുക്കളും നിറച്ചാണ് നടപ്പ്. ആവശ്യക്കാരെ കണ്ടാൽ സ്പോട്ടില്‍ തന്നെ കച്ചവടം. പെരുമ്പാവൂർ മാർക്കറ്റ് പരിസരത്തെ ചെറുകച്ചവടക്കാരുടെ ഇടയില്‍ ലഹരി ഡീലര്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. നിരോധന പുകയില ഉൽപന്നങ്ങളുടെ വിൽപനയും പരസ്യമായാണ്. ബാർബർ ഷോപ്പിനുളളിൽ പോലും ലഹരിക്കച്ചവടം. മറ്റു പണികൾക്ക് മറു നാടുകളിൽ നിന്ന് പെരുമ്പാവൂരിൽ എത്തി ലഹരിക്ക് അടിമയായി കച്ചവടക്കാരായവരെയും ഇക്കൂട്ടത്തിൽ കാണാം.