തിരുവനന്തപുരം ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യയില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവ് അതുല്‍. നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്ന് ഭര്‍ത്താവിന്റെ മൊഴി. കേസില്‍ അതുലിന്‍റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും അതുലിനെതിരെ ചുമത്തിയിട്ടുണ്ട്. ആരതിയെ അതുല്‍ പലതവണ മര്‍ദിച്ചതായും പൊലീസ് പറഞ്ഞു. ആരതിയുടെ ശരീരത്തില്‍ പതിമൂന്ന് പുതിയ മുറിവുകളുണ്ടായിരുന്നു. പഴക്കമുള്ള മുറിവുകളും ഇന്‍ക്വസ്റ്റില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അതുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി വടശ്ശേരിക്കോണത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ടാണ് ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന്‍റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്യുന്നത്. അതുല്‍ ഉപദ്രവിച്ചിരുന്നത് ശരീരത്തില്‍ പാടുകള്‍ ഉണ്ടാകാത്ത തരത്തിലായിരുന്നെന്നും മര്‍ദനം കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ആരതിയുടെ ഡയറിയിലുണ്ട്. അതുലിന് മറ്റൊരു സ്ത്രീയുമായും ബന്ധമെന്നും ഡയറികുറിപ്പില്‍ ആരോപിക്കുന്നു. ആരതി റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചു. മരിക്കാന്‍ പേടി, പക്ഷേ മറ്റുമാര്‍ഗങ്ങളില്ലെന്നും ആരതി ശബ്ദസന്ദേശത്തില്‍ പറയുന്നു.
സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. ഒന്നരവര്‍ഷം മാത്രമം ദൈര്‍ഘ്യമുള്ള ദാമ്പത്യത്തില്‍ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ പതിവായിരുന്നുവെന്ന് അമ്മ ജിനു പറഞ്ഞു. ശാരീരിക ആക്രമണവും മാനസിക പീഡനവും കാരണം മകളെ വീട്ടിൽ തിരിച്ചെത്തിക്കാൻ അതുലിനോട് ആവശ്യപ്പെട്ടിരുന്നതായി ആരതിയുടെ പിതാവ് പറഞ്ഞു. പരമാവധി സ്‌ത്രീധനം നൽകിയിട്ടും കഴിഞ്ഞയാഴ്ചയും വീട്ടില്‍ വന്ന് അതുല്‍ കൂടുതൽ സാമ്പത്തികം ആവശ്യപ്പെട്ടു. അവഗണനയ്ക്കും ആക്രമണത്തിനുമിടയിലും ആരതി പിടിച്ചു നിൽക്കാൻ ശ്രമിച്ചു. കഴിയില്ലെന്നായപ്പോള്‍ രക്ഷിതാക്കളോട് സങ്കടം പറഞ്ഞു. ആരതിയുടെ അവസ്ഥ മനസിലാക്കി മരുമകനോട് നിര്‍ബന്ധമായും മകളെ വീട്ടിൽ കൊണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. കഴിയുന്നതിന്‍റെ പരമാവധി സ്‌ത്രീധനം കൊടുത്തു. പണം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയും വീട്ടിൽ വന്നെന്നും ആരതിയുടെ അച്ഛന്‍ പറയുന്നു. മകൾക്ക് പകരമാവില്ലെങ്കിലും നിയമ നടപടിയുമായി നീങ്ങാനാണ് തീരുമാനമെന്നും ആരതിയുടെ അച്ഛൻ ബൈജു മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഉറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്ന് അതുല്‍ പിന്മാറിയതിന്‍റെ പേരില്‍ മറ്റൊരു യുവതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നതായും ആരതിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ജീവനൊടുക്കുമെന്ന് അറിയിച്ച് മുറിയില്‍ കയറി യുവതി കതകടച്ചിട്ടും പുറത്തുണ്ടായിരുന്ന അതുല്‍ തടയാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഭർത്താവിൻ്റെ പീഡനം വിവരിക്കുന്ന ഡയറിയും പൊലീസ് കണ്ടെടുത്തു. വീട്ടില്‍ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം. നിയമനടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുന്ന ആരതിയുടെ കുടുംബത്തിന് പിന്തുണയുമായി ജനപ്രതിനിധികളും രംഗത്തുണ്ട്.