എരുമേലി കൊടിത്തോട്ടത്ത് അടച്ചിട്ട പാറമടയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊടിത്തോട്ടം സ്വദേശികളായ ആഷ്ലി (20), ആഷിർ (16) എന്നിവരാണ് മരിച്ചത്. ആഷ്ലി ഓട്ടോമൊബൈൽ വിദ്യാർത്ഥിയും, ആഷിർ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.
അഞ്ചംഗ വിദ്യാർത്ഥി സംഘമാണ് വൈകിട്ടോടെ കൊടിത്തോട്ടത്തെ പാറമടയിൽ എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി പൂർണ്ണമായും പൂട്ടിയിട്ടിരിക്കുന്നതും പൊതുജനങ്ങൾക്ക് പ്രവേശന വിലക്കുള്ളതുമായ പാറമടയാണിത്. വിദ്യാർത്ഥികൾ ഏതു വഴിയാണ് ഇതിനുള്ളിലേക്ക് കടന്നതെന്ന് വ്യക്തമല്ല.
വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് ആഷ്ലിയും ആഷിറും അപകടത്തിൽപ്പെടുന്നത്. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. നിലവിൽ മൃതദേഹങ്ങൾ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ഇത്തരം അപകടമേഖലകളിൽ ഇറങ്ങരുതെന്ന് പൊലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.