കൊച്ചി കുണ്ടന്നൂരിൽ ജനിച്ചയുടനെ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് പൊലീസിലും മാധ്യമങ്ങളിലും ആദ്യം വിവരമറിയിച്ച കൊച്ചി പുതിയകാവ് സ്വദേശി മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ചതിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയായ ഇടുക്കി സ്വദേശിനിയായ 32-കാരിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ന് രാവിലെ മനോരമ ന്യൂസിനോട് ഉൾപ്പെടെ താനാണ് കുഞ്ഞിനെ ആദ്യം കണ്ടതെന്നും പൊലീസിൽ അറിയിച്ചതെന്നും മിഥുൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇയാളുടെ മൊഴികളിലെ പരസ്പരവിരുദ്ധമായ കാര്യങ്ങളും സംശയകരമായ പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ട പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടകീയമായ വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ കുഞ്ഞിനെ സുരക്ഷിതമായി അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ ഇവർ ശ്രമിച്ചിരുന്നു. എന്നാൽ അവിടെ ആളുകളുണ്ടായിരുന്നതിനാൽ ആ നീക്കം പരാജയപ്പെടുകയായിരുന്നു.

അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് യുവതി മിഥുന്റെ സഹായം തേടിയത്. തുടർന്ന് കുണ്ടന്നൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് ജീവാപായം ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെ, ഉപേക്ഷിച്ച ഉടൻ തന്നെ മിഥുൻ നേരിട്ട് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു എന്നാണ് വിവരം. പൊലീസെത്തി കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയായ ഇടുക്കി സ്വദേശിനിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രാഥമികമായി ചോദ്യം ചെയ്യുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ പിതാവും ഇടുക്കി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ള മിഥുൻ കുഞ്ഞിന്റെ പിതാവല്ലെന്നും യുവതിയെ സഹായിച്ചയാൾ മാത്രമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

യുവതിയോട് നാളെ രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ച കൃത്യത്തിൽ ഇവർക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നുവെങ്കിലും പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച ക്രൂരകൃത്യമായതിനാൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.

ENGLISH SUMMARY:

In the Kochi Kundannoor newborn abandonment case, a significant breakthrough has been made with police taking into custody Mithun, the individual who initially reported finding the baby. The investigation has revealed that Mithun was directly involved in the abandonment, and the baby's mother, a 32-year-old from Idukki, has also been identified.