എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ആസഫ് അലിയും മ്യൂസിയം സ്റ്റേഷൻ എസ്.എച്ച്.ഒയും കൊച്ചിയിലെ ഡി.ജി.പി ഓഫീസിൽ നടത്തിയ അടിയന്തിര കൂടിക്കാഴ്ചയിലാണ് നിർണ്ണായക തീരുമാനം. കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ നടന്ന വലിയ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്.
പ്രോസിക്യൂഷന്റെ ഈ വീഴ്ചയും ഒത്തുകളിയും വലിയ വിവാദമായതോടെ ഇ.ഡി തന്നെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ ആദ്യമേ തന്നെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം ഇ.ഡി ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നു. വിഷയം സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഡി.ജി.പി ആസഫ് അലി നേരിട്ട് ഇടപെട്ട് അടിയന്തിര യോഗം വിളിച്ചത്.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ ഈ കേസിൽ നിന്ന് മാറ്റും. ഇനി മുതൽ കേസിന്റെ വാദങ്ങൾ നടത്തുന്നതിനായി പ്രത്യേക സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കും. ഒൻപതാം പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നാളെ തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടും കണ്ടെത്തലുകളും അട്ടിമറിച്ച് പ്രതിക്ക് അനുകൂലമായി പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തത് എങ്ങനെയെന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം ഉണ്ടാകും. രാഷ്ട്രീയ സ്വാധീനത്താലാണോ അതോ മറ്റ് എന്തെങ്കിലും തരത്തിലുള്ള ഒത്തുകളി ഇതിന് പിന്നിൽ നടന്നിട്ടുണ്ടോ എന്ന കാര്യമാകും അന്വേഷണ പരിധിയിൽ വരിക.