പലയിടങ്ങളിൽ നിന്നായി കളഞ്ഞു കിട്ടുന്ന സ്വർണം സാധാരണ പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയാണ് പതിവ്. എന്നാൽ ആ സ്വർണം പൊലീസ് സ്റ്റേഷനിൽ നിന്നു തന്നെ കാണാതായാലോ. മലപ്പുറത്തെ കരിപ്പൂർ പൊലീസ് ആണ് ഇങ്ങനെ ഒരു ഗതികേടിലായത്. കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് അറിയാവുന്ന പൊലീസ് പത്തു ലക്ഷത്തിലധികം രൂപ മൂല്യമുള്ള സ്വർണ്ണം തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഫസ്റ്റ് ഓൺ മനോരമ ന്യൂസ്.
വർഷങ്ങളായി കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിപ്പിക്കുന്ന സ്വർണാഭരണങ്ങളാണ് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായത്. 2018നു മുൻപ് നാട്ടുകാർ കൈമാറിയ സ്വർണ്ണമാല, ബ്രേസ് ലെറ്റ്, 2024 ഒക്ടോബറിൽ കിട്ടിയ 2 കമ്മൽ, ഒരു മോതിരം, 2 മാല എന്നിവയാണ് കാണാതായത്. കളഞ്ഞു കിട്ടിയ സ്വർണം നാട്ടുകാർ പൊലീസിനെ ഏൽപ്പിച്ചതിനൊപ്പം ഡ്യൂട്ടിക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഉദ്യോഗസ്ഥർക്ക് തന്നെ വീണുകിട്ടിയ ആഭരണവും കൂട്ടത്തിലുണ്ട്. സാധാരണ എസ്എച്ച്ഒയുടെ നിയന്ത്രണത്തിൽ ഈ സ്വർണം സൂക്ഷിക്കുകയാണ് പതിവ്. എസ്എച്ച്ഒ സ്ഥലം മാറിയതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരി മാസം മറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് വ്യക്തമായത്.
രഹസ്യന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെങ്കിലും കാണാതായ സ്വർണാഭരണങ്ങൾ മാത്രം തിരികെ എത്തിയില്ല. അപ്രത്യക്ഷമായ സ്വർണാഭരണങ്ങൾക്ക് 10 ലക്ഷത്തിലധികം രൂപയുടെ മൂല്യം കണക്കാക്കുന്നുണ്ട്. വിവരമറിഞ്ഞ പല ഉയർന്ന ഉദ്യോഗസ്ഥരും വിഷയം പൂഴ്ത്തി വയ്ക്കാനാണ് ശ്രമിച്ചത്.