തിരുവനന്തപുരം ആറ്റുകാലില്‍ 27കാരി ജീവനൊടുക്കി. വര്‍ക്കല സ്വദേശി ആരതിയാണ് മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ആറ്റുകാലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആരതിയും ഭര്‍ത്താവ് അതുലും. ഒന്നരവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ തന്നെ ഭര്‍ത്താവിന്റെ പീഡനം ആരംഭിച്ചിരുന്നെന്നാണ് കുടുംബം പറയുന്നത്. അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകള്‍ ആരതി അമ്മയ്ക്ക് വാട്സാപില്‍ അയച്ചുകൊടുത്തിരുന്നു. ഇന്നലെ വൈകിട്ടും ഇയാള്‍ ആരതിയെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹസമയത്ത് അന്‍പതോളം പവന്‍ സ്വര്‍ണം ആരതിക്ക് നല്‍കിയിരുന്നുവെന്നും ഇതെല്ലാം അതുല്‍ വണ്ടിയെടുക്കാനും മറ്റു പല ആവശ്യങ്ങള്‍ക്കായും പണയം വയ്ക്കുകയും വില്‍ക്കുകയും ചെയ്തതായും കുടുംബം പറയുന്നു. എല്ലാം തീര്‍ന്ന ശേഷവും പണമാവശ്യപ്പെട്ട് ഉള്‍പ്പെടെ ഇയാള്‍ ആരതിയെ ഉപദ്രവിച്ചിരുന്നു. വിവാഹത്തിനു മുന്‍പ് ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും വിവാഹനിശ്ചയം നടന്നിരുന്നതായും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ആരതിയുടെ കുടുംബം പറയുന്നു. ആ പെണ്‍കുട്ടി വിവാഹനിശ്ചയത്തിനു പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതെല്ലാം ഈ അടുത്ത കാലത്താണ് തങ്ങള്‍ അറിഞ്ഞതെന്ന് ആരതിയുടെ കുടുംബം പറയുന്നു.
വിവാഹശേഷവും ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരതി കണ്ടെത്തിയെന്നും സൂചനയുണ്ട്. ചില ചിത്രങ്ങളും തെളിവുകളും ലഭിച്ചതും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ ആക്കം കൂട്ടാന്‍ കാരണമായെന്നാണ് വിവരം. ഇന്നലെ അതുല്‍ വീട്ടിലുള്ള സമയത്തു തന്നെയാണ് ആരതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിനു പുറത്ത് ഇരിക്കുകയായിരുന്ന ഇയാള്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചതെന്നും പറയപ്പെടുന്നു.
ഇന്നലെ മരിക്കുന്നതിനു മുന്‍പ് തന്നെ ആരതി അമ്മയെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.